മനുഷ്യരാശിയ്‌ക്ക് ഇന്ന് നിർണായകദിനമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ രംഗത്ത്. ഭീമാകാരങ്ങളായ രണ്ട് ഉൽക്കകൾ ബുധനാഴ്‌ച ഭൂമിയെ തൊട്ടില്ലെന്ന മട്ടിൽ കടന്നു പോകുമെന്നാണ് നാസ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആഗസ്‌റ്റ് 21നാണ് ഭൂമിയോടടുക്കുന്ന ഈ രണ്ട് ഉൽക്കകളെയും നാസ കണ്ടെത്തിയത്. എന്നാൽ ഭയപ്പെടേണ്ട കാര്യം ഒട്ടും തന്നെയില്ലെന്ന ആശ്വാസ വാർത്തയും നാസ പങ്കു വച്ചിട്ടുണ്ട്.
കാരണം, അടുത്ത 100 വർഷത്തേയ്‌ക്ക് ഭൂമിയുടെ ഭ്രമണപഥത്തിൽ ഒരു ഉൽക്കയും പ്രവേശിക്കില്ലെന്നാണ് നാസ പറയുന്നത്. എന്നാൽ സൂര്യനിൽ നിന്ന് 146 മില്യൺ മുതൽ 194 മില്യൺ കിലോ മീറ്റർ വരെ അകലത്തിലുള്ള വസ്‌തുക്കളെയാണ് ഭൂമിയുടെ സമീപത്തു കൂടി കടന്നു പോകാൻ സാധ്യതയുള്ള വസ്‌തുക്കളുടെ പട്ടികയിൽ പെടുത്തുക. ഈ ദൂരത്തിൽ ഉൾപ്പെടുന്നതുകൊണ്ടാണ് രണ്ട് ഉൽക്കകളെയും പ്രസ്‌തുത പട്ടികയിൽ ഉൾപ്പെടുത്തിയത്.
2019 ക്യു.എസ് എന്ന ഉൽക്കയാണ് ആദ്യം ഭൂമിയെ കടന്നു പോവുക. 240 അടിയാണ് ഇതിന്റെ വ്യാസം.പിന്നീട് ഇതിന്റെ രണ്ടിരട്ടി വലിപ്പമുള്ള 2019 ഒ.യു.1 എന്ന ഉൽക്കയും കടന്നു പോകും.