ആപ്പിൾ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായിരുന്ന സ്റ്റീവ് ജോബ്സിനെ ആരും അത്രപെട്ടെന്ന് മറക്കാനിടയില്ല. ആപ്പിളിന്റെ പുത്തൻ ഉൽപന്നങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുമ്പോൾ ഇന്നും പലരും ആദ്യം ഓർക്കുന്ന മുഖം സ്റ്റീവിന്റേതാണ്. ഈ ലോകത്തെ തന്നെ മാറ്റിമറിച്ച ടെക്നോളജി വിപ്ലവകാരിയാണ് അദ്ദേഹം. ഉപഭോക്താക്കളെ മുന്നിൽ കണ്ടാണ് സ്റ്റീവ് ഓരോ ഡിജിറ്റൽ ഉപകരണവും രൂപപ്പെടുത്തിയത്. സാങ്കേതിക മികവെന്നാൽ ലാളിത്യവും ഉപയോഗക്ഷമതയുമാണെന്ന് അദ്ദേഹം ലോകത്തിന് കാട്ടിക്കൊടുത്തു. 2011ലാണ് അദ്ദേഹം അന്തരിച്ചത്. സ്റ്റീവിനെ കുറിച്ച് അറിയാൻ ആളുകൾക്ക് ഇന്നും ഏറെ താൽപര്യമാണ്.
എന്നാൽ, സ്റ്റീവിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. റെഡിറ്റ് യൂസർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണിത്. കെയ്‌റോയിലെ വഴിയോരക്കടയിൽ ഇരിക്കുന്നയാളാണ് പോസ്റ്റ് ചെയ്ത ചിത്രത്തിലുള്ളത്. ചിത്രത്തിലെ വ്യക്തിയുടെ ഇരിപ്പും കൈ പിടിച്ചിരിക്കുന്ന രീതിയുമൊക്കെ ജോബ്സിനെ പോലെ തന്നെ എന്നാണ് ആളുകൾ പറയുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ.
Steve Jobs Steve no job pic.twitter.com/gC1mqscqJN
— منصور (@x6oor) August 25, 2019
സ്റ്റീവ് ജോബ്‌സ് ആപ്പിൾ വാച്ച് അല്ലല്ലൊ അണിഞ്ഞിരിക്കുന്നത് എന്നതാണ് ചിലരുടെ ഭാഗം. അതേസമയം, ചിത്രത്തെക്കുറിച്ച് ജോബ്‌സ് കെയ്‌റോയിൽ ജീവിച്ചിരിക്കുന്നു എന്ന രീതിയിലുള്ള കോൺസ്‌പിരസി തിയറികൾ പരക്കുന്നുണ്ട്. ഇരുവരും തമ്മിൽ ബന്ധമില്ലെന്നും കമന്റുകളുണ്ട്.
സ്റ്റീവ് ജോബ്സ് പാൻക്രിയാസിനെ ബാധിക്കുന്ന അർബുദത്തിന്റെ പിടിയിലായത് 2004 ലാണ്. പക്ഷേ, രോഗം അദ്ദേഹത്തെ തളർത്തിയിരുന്നില്ല. ആപ്പിളിന്റെ ഏറ്റവും വിജയിച്ച രണ്ട് ഉപകരണങ്ങളായ ഐഫോണും ഐപാഡും അതിന് ശേഷമാണ് പുറത്തു വന്നത്.