lashkar-e-taiba

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ വാരാണസിയിൽ പാക് ഭീകരസംഘടനയായ ലഷ്കറെ ഇ ത്വയിബ ഭീകരാക്രമണം പദ്ധതിയിടുന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഹാഫിസ് സയിദിന്റെ നേതൃത്വത്തിലുള്ള ഭീകരസംഘടനകൾ വാരാണസിയിൽ ബേസ് ക്യാമ്പ് രൂപികരിച്ചുള്ള ആക്രമണമാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ നഗരമായ വാരാണസിയിൽ ലഷ്കറെ ഇ ത്വയിബയുടെ ഒരു ഘടകത്തെ സ്ഥാപിക്കാൻ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. ലഷ്കറെ ഇ ത്വയിബയുമായി ബന്ധമുള്ള ഭീകരർ മാസങ്ങൾക്ക് മുമ്പ് വാരാണസിയിൽ സന്ദർശനം നടത്തിയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

മേഖലയിൽ ലഷ്കർ നെറ്റ്‌വർക്കുകൾ രൂപീകരിക്കാൻ ഉമർ മദ്നി എന്ന ഭീകരനും നേപ്പാളിൽ നിന്നുള്ള മറ്റൊരാളും മൂന്ന് ദിവസം വാരാണസിയിൽ ക്യാമ്പ് ചെയ്തെന്നും റിപ്പോർട്ടുണ്ട്. ലഷ്കറിലേക്ക് ഇന്ത്യയിൽ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നവരിൽ പ്രധാനിയാണ് ഉമർ മദ്നി. ഇയാൾ ഭീകരാക്രമണം പദ്ധതിയിടുന്നതിനായി നിരവധി ആളുകളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ വൻ സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.