ന്യൂഡൽഹി: ആഷസിൽ മികച്ച പ്രകടനം കാഴ്ചവച്ച ബെൻ സ്‌റ്റോക്‌സിന് പ്രശംസയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരനെന്ന് സ്‌റ്റോക്‌സിനെ ഐ.സി.സിയും വിശേഷിപ്പിച്ചു. എന്നാൽ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ സച്ചിൻ തെൻഡുൽക്കറിന്റെ ആരാധകർക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. ചിത്രത്തിനു താഴെ കമന്റുമായി നിരവധിപേർ എത്തിയിരുന്നു.
അതേസമയം, ഐ.സി.സി ഈ ചിത്രം വീണ്ടും റീ പോസ്റ്റ് ചെയ്തു. നിങ്ങൾക്കും കൂടി...എന്ന് പറഞ്ഞാണ് ചിത്രം വീണ്ടും പോസ്റ്റ് ചെയ്‌തത്. എക്കാലത്തെയും മികച്ച ക്രിക്കറ്ററെന്ന് സ്‌റ്റോക്‌സിനെ വിശേഷിപ്പിക്കാൻ കഴിയില്ലെന്നാണ് സച്ചിൻ ആരാധകർ പറയുന്നത്.
Told you so 😉 https://t.co/b4SFcEVDWk
— ICC (@ICC) August 27, 2019
ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചൊരു ഇന്നിംഗ്സുമായി ബെൻ സ്റ്റോക്സ് എന്ന ഇംഗ്ലിഷ് ഓൾറൗണ്ടർ ചരിത്രമെഴുതിയത്. ആസ്ട്രേലിയ ഉയർത്തിയ 359 റൺസ് വിജയലക്ഷ്യം സ്റ്റോക്സ് ഒരാളുടെ മനഃസാന്നിദ്ധ്യവും പോരാട്ടവീര്യവും കൊണ്ടു മാത്രമാണ് ഇംഗ്ലണ്ട് മറികടന്നത്. അവസാന സെഷനിലെ ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് ബെൻ സ്റ്റോക്സ് മികച്ച നേട്ടം സ്വന്തമാക്കിയത്.
135 റൺസിന് നോട്ടൗട്ടായി നിന്ന സ്‌റ്റോക്ക്‌സിന്റെ ഒറ്റയാൾ പ്രകടനത്തിലാണ് ഇംഗ്ലണ്ട് ജയിച്ചിരുന്നത്. 286ന് 9 എന്ന നിലയിൽ ജയിക്കാൻ 73 റൺസ് കൂടി വേണ്ട സാഹചര്യത്തിൽ വാലറ്റക്കാരനായ ജാക്ക് ലീച്ചിനെ മറു വശത്ത് നിറുത്തിയാണ് സ്റ്റോക്ക്‌സ് ടീമിനെ ജയത്തിലെത്തിച്ചത്.