അഹമ്മദാബാദ്: ലോകത്തിലെ മഹത്തരങ്ങളായ സ്ഥലങ്ങളിൽ ഗുജറാത്തിലെ പട്ടേൽ പ്രതിമയും. ടൈം മാഗസിനാണ് സ്‌റ്റാച്യു ഒഫ് യൂണിറ്റി എന്നറിയപ്പെടുന്ന പട്ടേൽ പ്രതിമയെ ലോകത്തിലെ മഹത്തരങ്ങളായ 100 സ്ഥലങ്ങളുടെ പട്ടികയിൽ (2019) ഉൾപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയെ അറിയിച്ചത്. ശ്രേഷ്‌ഠകരമായ വാർത്തയെന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്. ഏറെ ജനപ്രീതിയുള്ള ടൂറിസ്‌റ്റ് കേന്ദ്രമായി സ്‌റ്റാച്യു ഒഫ് യൂണിറ്റി മാറിയതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും കുറിപ്പിൽ മോദി കൂട്ടിച്ചേർത്തു.
182 മീറ്റർ ഉയരത്തിൽ, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന പെരുമയോടെയാണ് നർമദ നദിയിലെ സർദാർ സരോവർ അണക്കെട്ടിനുസമീപം സാധുബേട് ദ്വീപിൽ ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായി പട്ടേലിന്റെ സ്മാരകം ഉയർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയാണ് ഐക്യ പ്രതിമ എന്നറിയപ്പെടുന്ന സ്‌റ്റാച്യു ഒഫ് യൂണിറ്റി. 2013ൽ, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം തന്നെയാണ് പ്രതിമയ്‌ക്ക് തറക്കല്ലിട്ടത്.
പ്രമുഖ ശിൽപി റാം വി.സുതറാണ് ശിൽപത്തിന്റെ രൂപകൽപന നിർവഹിച്ചത്. 33,000 ടൺ ഉരുക്ക് പ്രതിമാ നിർമ്മാണത്തിനായി ഉപയോഗിക്കുകയുണ്ടായി. 3000 കോടി രൂപയായിരുന്നു പദ്ധതിയുടെ ചെലവ്.