കൊച്ചി: ഏറ്റവും കൂടുതൽ ഭാരം വഹിക്കുന്നതും കൂടുതൽ വേഗതയുള്ളതുമായ രണ്ടു പുത്തൻ ഇലക്ട്രിക് സ്കൂട്ടറുകൾ ഹീറോ ഇലക്ട്രിക് കേരളത്തിൽ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ മാർക്കറ്റിംഗ് ഹെഡ് മനു കുമാർ, എ.ജി.എം സെയിൽസ് ഹരിദാസ് കെ. നായർ എന്നിവർ ചേർന്ന് വാഹനം പുറത്തിറക്കി.
ഫെയിം-2 ആനുകൂല്യങ്ങളുമായി ഒപ്റ്റിമ ഇ.ആർ., നിക്സ് ഇ.ആർ എന്നീ മോഡലുകളാണ് വിപണിയിലെത്തിയത്. പോർട്ടബിൾ ബാറ്ററികളാണ് ഇവയ്ക്കുള്ളത്. ഒറ്റ ചാർജിൽ 110 കിലോമീറ്രർ സഞ്ചരിക്കാം. ഫോണുകൾ ചാർജ് ചെയ്യുന്ന 5 ആംപിയറിൽ ബാറ്ററി ചാർജ് ചെയ്യാം. മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ ഇവ പായും. നിക്സ് പ്രധാനമായും വാണിജ്യ ആവശ്യങ്ങൾ ഉദ്ദേശിച്ചുള്ള സ്കൂട്ടറാണ്.
ഒപ്റ്റിമ ഇ.ആറിന് 68,721 രൂപയും നിക്സ് ഇ.ആറിന് 69,754 രൂപയുമാണ് എക്സ് ഷോറൂം വില. ഹൈസ്പീഡ് വാഹനമായതിനാൽ ഇവയ്ക്ക് സാധാരണ സ്കൂട്ടറുകളെ പോലെ രജിസ്ട്രേഷൻ, ലൈസൻസ്, ഹെൽമെറ്ര് എന്നിവ ആവശ്യമാണ്. കേരളത്തിൽ 14 ഡീലർമാർ കമ്പനിക്കുണ്ട്. അടൂർ, തൃശൂർ, കോട്ടയം എന്നിവടങ്ങളിലും വൈകാതെ ഡീലർഷിപ്പുകൾ തുറക്കും. ഓണത്തോട് അനുബന്ധിച്ച് എല്ലാ മോഡലുകൾക്കും 2,500 രൂപയും കിഴിവും ലഭ്യമാണ്.