ഫ്രഞ്ച് വാഹനനിർമ്മാതാക്കളായ റെനോയുടെ ഏറ്റവും ജനപ്രിയമായ മോഡലായിരുന്നു ക്വിഡ്. സാധാരണക്കാരന്റെ കാർ എന്ന സ്വപ്‌നത്തെ യാഥാർത്ഥ്യമാക്കാൻ പ്രധാനപങ്കു വഹിച്ച വാഹനമാണിത്. ഇപ്പോഴിതാ ക്വിഡിനെ അടിസ്ഥാനമാക്കി എത്തിക്കുന്ന റെനോയുടെ പുതിയ മോഡലായ 'ട്രൈബർ' പുറത്തിറക്കി. എം.പി.വി സെഗ്‌മെന്റിൽ പുറത്തിറങ്ങുന്ന വാഹനത്തിന് 4.59- മുതൽ 6.49 ലക്ഷമാണ് വില. ഇതേ സെഗ്‌മെന്റിൽ വരുന്ന ടൊയോറ്റയുടെ ഇന്നോവ ക്രിസ്റ്റയ്ക്ക് 14.9 മുതൽ 23.47 ലക്ഷം വരെയാണ് വില. ട്രൈബറുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 10 മുതൽ 17 ലക്ഷം വരെയാണ് വില വ്യത്യാസം.
എം.പി.വി ശ്രേണിയിൽ മാരുതി സുസുക്കി എർട്ടിഗയ്‌ക്ക് തൊട്ടുതാഴെയുള്ള സെഗ്‌മെന്റിലായിരിക്കും ട്രൈബറിന്റെ സ്ഥാനം. ലോഡ്ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മൾട്ടി പർപ്പസ് വാഹനമാണിത്. വിദേശത്തുള്ള റെനോയുടെ സീനിക്, എസ്പാസ് എം.പി.വികളുടെ ഡിസൈനിന്റെ സാമ്യമുണ്ട്.
ക്വിഡിലുള്ള 1.0 ലിറ്റർ എൻജിനെ പരിഷ്‌കരിച്ചാണ് റെനോ അവതരിപ്പിക്കുന്നത്. 6250 ആർ.പി.എമ്മിൽ 72 പി.എസ് പവറും 3500 ആർ.പി.എമ്മിൽ 96 എൻ.എം ടോർക്കുമാണ് എൻജിനിൽ നിന്ന് ലഭിക്കുക. ലിറ്ററിന് 20 കി.മീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ. ടർബോ ചാർജ്ഡ് എൻജിനുമായുള്ള ട്രൈബറും റെനോ വിപണിയിലെത്തിക്കും. ആ മോഡലിനൊപ്പം ആട്ടോമാറ്റിക് ട്രാൻസ്മിഷനും ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
ഏഴ് പേർക്ക് യാത്ര ചെയ്യാവുന്ന ട്രൈബറിന് 3990 എം.എം ആണ് നീളം. 1739 എം.എം വീതിയും 1643 എം.എം ഉയരവും 2636 എംഎം വീൽബേസുമാണ് വാഹനത്തിനുള്ളത്. ഗ്രൗണ്ട് ക്ലിയറൻസ് 182 എം.എം. 947 കിലോഗ്രാമാണ് ഭാരം. മൂന്ന് നിര സീറ്റുകളിൽ ആവശ്യത്തിന് ലെഗ് സ്‌പേസും ട്രൈബറിലുണ്ട്. 5 സീറ്ററാകുമ്പോൾ 625 ലിറ്ററും 6 സീറ്ററിൽ 320 ലിറ്ററും 7 സീറ്ററിലേക്ക് മാറുമ്പോൾ 84 ലിറ്ററുമാണ് ട്രൈബറിൽ ലഭിക്കുന്ന ബൂട്ട് സ്‌പേസ് കപ്പാസിറ്റി.
അതേസമയം, യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിലും റെനോ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. നാല് എയർ ബാഗുകളാണ് ട്രൈബറിൽ ഉൾക്കൊള്ളിച്ചത്. കൂടാതെ എ.ബി.എസ്, ഇ.ബി.ഡി, റിയർ പാർക്കിംഗ് സെൻസർ, റിവേഴ്സ് കാമറ, സ്പീഡ് അലർട്ട്, സീറ്റ് ബെൽറ്റ് റിമൈൻഡർ, എല്ലാ നിരയിലും ത്രീ പോയിന്റ് സീറ്റ് ബെൽറ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ട്രൈബറിൽ റെനോ ഒരുക്കിയിട്ടുണ്ട്.