കെയ്‌റോ: പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് ഈജിപ്‌തിൽ സർക്കാർ സഹകരണത്തോടെ നാല് പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുറക്കും. ഇതു സംബന്ധിച്ച അന്തിമ കരാറിൽ, ഈജിപ്‌ഷ്യൻ പ്രധാനമന്ത്രി മുസ്‌തഫ മദ്ബൗലിയുടെ സാന്നിദ്ധ്യത്തിൽ വ്യാപാര സഹമന്ത്രി ഇബ്രാഹിം അഷ്‌മാവി, ഹൗസിംഗ് വകുപ്പ് സഹമന്ത്രി താരിഖ് എൽ സെബായി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവർ ഒപ്പുവച്ചു.
കാബിനറ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വ്യാപാര മന്ത്രി അലി അൽ മെസെൽഹി, നഗരാസൂത്രണ മന്ത്രി അസെം അൽ ഗസർ, ലുലു ഈജിപ്‌ത് ഡയറക്‌ടർ ജൂസാർ രൂപാവാല, ലുലു ഫിനാൻസ് ഡയറക്‌ടർ പരമേശ്വരൻ നമ്പൂതിരി, മറ്റ് ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. കെയ്‌റോയിലും സമീപ പ്രദേശങ്ങളിലും നാല് ഹൈപ്പർ മാർക്കറ്റുകൾ ഈജിപ്‌ത് സർക്കാർ നിർമ്മിച്ച് ലുലുവിന് കൈമാറും. ഇവ കൂടാതെ, ആറ് ഹൈപ്പർ മാർക്കറ്റുകൾ കൂടി ഈജിപ്‌തിൽ വിവിധ നഗരങ്ങളിൽ ലുലു ആരംഭിക്കും.
ഈജിപ്‌തിലെ പ്രവർത്തന വിപുലീകരണത്തിനായി 3,500 കോടി രൂപയാണ് ലുലു ഗ്രൂപ്പ് നിക്ഷേപിക്കുന്നത്. വിദേശ നിക്ഷേപ ആകർഷണ പദ്ധതികളുടെ ഭാഗമായാണ് ഈജിപ്‌ത് സർക്കാർ ലുലു ഗ്രൂപ്പുമായി കൈകോർക്കുന്നത്. പ്രസിഡന്റ് അബ്‌ദെൽ ഫത്താ അൽസീസിയുടെ താത്പര്യ പ്രകാരമായിരുന്നു ചർച്ചകൾ. 2016ലാണ് ലുലുവിന്റെ ആദ്യ ഹൈപ്പർ മാർക്കറ്റ് ഈജിപ്‌തിൽ തുറന്നത്.
''ഈജിപ്‌തിലെ പദ്ധതികൾ പൂർത്തിയാകുന്നതോടെ മലയാളികളടക്കം 8,000ലേറെ പേർക്ക് പുതുതായി ജോലി നൽകാൻ സാധിക്കും"
എം.എ. യൂസഫലി