maharashtra-

മുംബയ്: മഹാരാഷ്ട്രയിലെ ബി.ജെ.പി - ശിവസേന സഖ്യത്തിൽ വീണ്ടും വിള്ളൽ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും സഖ്യംവിട്ട് ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ഇരുപാർട്ടികളും തിരഞ്ഞെടുപ്പിനുമുമ്പായി സീറ്റ് വിഭജന ചർച്ചകൾ നടത്തുന്നതിനിടയിലാണ് സഖ്യത്തിലെ വിള്ളൽ മറനീക്കി പുറത്തുവരുന്നത്. തുല്യസീറ്റുകൾ ഇരുപാർട്ടികൾക്കും ലഭിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ട്. എന്നാൽ, ഒറ്റയ്ക്ക് മത്സരിക്കുന്നത് സംബന്ധിച്ച് ഇരുപാർട്ടികളിൽനിന്നും ഔദ്യോഗികമായ വിശദീകരണം വന്നിട്ടില്ല.

ഒക്ടോബറിലാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്.

ഒരു നോമിനേറ്റഡ് അംഗമുൾപ്പെടെ 289 സീറ്റുകളാണ് മഹാരാഷ്ട്ര നിയമസഭയിലുള്ളത്. ഇതിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 288 സീറ്റുകളിൽ 135 സീറ്റുകളിൽവീതം ശിവസേനയും ബി.ജെ.പിയും മത്സരിക്കുമെന്നും ബാക്കിയുള്ള 18 സീറ്റുകൾ മറ്റ് സഖ്യകക്ഷികൾക്ക് നൽകുമെന്നുമായിരുന്നു

ധാരണ. ഇക്കാര്യം ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും ശിവസേന നേതാവ് ഉദ്ധവ്‌ താക്കറെയും കഴിഞ്ഞ ഫെബ്രുവരിയിൽ അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം, തിരഞ്ഞെടുപ്പിൽ ശിവസേനയ്ക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറഞ്ഞേക്കാമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു. എന്നാൽ സീറ്റുവിഭജനത്തിൽ തർക്കമില്ലെന്നും പക്ഷേ, സീറ്റുകൾ തുല്യമായി വീതിച്ചെടുക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ 25 വർഷത്തെ സഖ്യം അവസാനിപ്പിച്ച് ഇരുപാർട്ടികളും 2014 ൽ ഒറ്റയ്ക്കാണ് മത്സരിച്ചത്. ഫലം വന്നപ്പോൾ ബി.ജെ.പിക്ക് 122 സീറ്റ് കിട്ടി. ശിവസേനയ്ക്ക് 63 ഉം. പക്ഷേ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ഇരുപാർട്ടികളും കൈകോർക്കുകയായിരുന്നു. ഒറ്റയ്ക്ക് നിന്നാലും കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകൾ നേടാനാകുമെന്നാണ് ബി.ജെ.പിയിലെ ഭൂരിപക്ഷത്തിന്റെയും വിശ്വാസം. അതേസമയം, പാർട്ടി സ്ഥാപകനായ ബാൽ താക്കറെയുടെ ചെറുമകനും പാർട്ടി അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ ഈ തിരഞ്ഞെടുപ്പിൽ സാന്നിദ്ധ്യമറിയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

 2014

കേവലഭൂരിപക്ഷം - 145

ബി.ജെ.പി - 122

ശിവസേന - 63

കോൺഗ്രസ് - 42

എൻ.സി.പി - 41

 2019 ലോക്സഭ

ആകെ സീറ്റ് - 48

ബി.ജെ.പി - ശിവസേന സഖ്യം: 41

കോൺഗ്രസ് - എൻ.സി.പി :- 5

മറ്റുള്ളവർ - 2