ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സുനിൽ ഗൗറിനെ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമത്തിന്റെ (പ്രിവൻഷൻ ഒഫ് മണി ലെൻഡറിംഗ് ആക്ട് - പി.എം.എൽ.എ) അപ്പലേറ്റ് ട്രൈബ്യൂണൽ ചെയർമാനായി നിയമിച്ചു. ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ജഡ്ജിയാണ് സുനിൽ ഗൗർ. ജാമ്യാപേക്ഷ തള്ളി രണ്ടുദിവസത്തിന് ശേഷം സുനിൽ ഗൗർ വിരമിക്കുകയും ചെയ്തു. ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഐ.എൻ.എക്സ് മീഡിയ കേസിൽ സി.ബി.ഐ ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ചിദംബരത്തിന്റെ കേസ് കള്ളപ്പണം വെളുപ്പിക്കലിന്റെ മികച്ച ഉദാഹരണമാണെന്നാണ് സുനിൽ ഗൗർ വിധിയിൽ അഭിപ്രായപ്പെട്ടത്.
കേസിലെ മുഖ്യ സൂത്രധാരനാണ് ചിദംബരമെന്നും അദ്ദേഹത്തിന് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. നിലവിൽ പി.എം.എൽ.എ ചെയർമാനായ ജസ്റ്റിസ് മൻമോഹൻ സിംഗ് സെപ്തംബർ 21 ന് സ്ഥാനമൊഴിയും. 23നാണ് സുനിൽ ഗൗർ പകരം ചുമതലയേറ്റെടുക്കുക. 2008 ലാണ് സുനിൽ ഗൗർ ഡൽഹി ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടട്ടത്. 2012 മുതലാണ് സ്ഥിരം ജഡ്ജിയായത്.
പ്രമുഖർക്കെതിരെ ആദ്യമല്ല
അഗസ്റ്റ വെസ്റ്റ് ലാൻഡ് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥിന്റെ മരുമകൻ രതുൽ പുരിക്ക് മുൻകൂർ ജാമ്യം നിഷേധിച്ചതും നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെയുള്ള നിർണായക വിധി പ്രഖ്യാപനങ്ങൾ നടത്തിയതും സുനിൽ ഗൗറാണ്. മാംസ വ്യാപാരിയായ മൊയിൻ ഖുറേഷിക്കെതിരായ അഴിമതി കേസുകൾ പരിഗണിച്ചതും ഇദ്ദേഹംതന്നെയാണ്.