venkayya-

ന്യൂഡൽഹി,​ വിശാഖപട്ടണം: ഇന്ത്യയെ ആക്രമിക്കാൻ വരുന്നവർക്ക് മറക്കാനാകാത്ത മറുപടി നൽകുമെന്ന മുന്നറിയിപ്പുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഒക്ടോബറിലോ നവംബറിലോ ഇന്ത്യയും പാകിസ്താനും തമ്മിൽ യുദ്ധമുണ്ടാകുമെന്ന പാക് റയിൽവേ മന്ത്രി ഷെയ്ഖ് റാഷിദിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ''നമ്മൾ ആരേയും ആക്രമിച്ചിട്ടില്ല, ആരേയും ആക്രമിക്കില്ല എന്ന് ഉറപ്പു കൊടുക്കാനുമാകും. എല്ലാവരും നമ്മളെ ആക്രമിക്കാനാണ് വന്നത്. എന്നാൽ ആരെങ്കിലും ഇങ്ങോട്ട് ആക്രമിക്കാൻ ശ്രമിച്ചാൽ, അവരുടെ ജീവിതകാലത്ത് ഒരിക്കലും മറക്കാനാവാത്ത മറുപടി നൽകിയിരിക്കും. നമ്മൾ യുദ്ധക്കൊതിയന്മാരല്ല, സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന പൗരന്മാരാണ്"- വിശാഖപട്ടണത്ത് നടന്ന ചടങ്ങിൽ വെങ്കയ്യ നായിഡു പറഞ്ഞു.

നമ്മൾ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല, അതുപോലെ മറ്റു രാജ്യങ്ങൾ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടണമെന്നും ആഗ്രഹിക്കുന്നില്ല. കാശ്മീർ വിഷയത്തിൽ പാകിസ്ഥാന്റെ പ്രതികരണങ്ങളെ സൂചിപ്പിച്ച് വെങ്കയ്യ പറഞ്ഞു. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അവിടെ പിന്നെ ചർച്ചയുടെ ആവശ്യകതയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടുദിവസമായി പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങൾ ഏറിവരുന്ന സാഹചര്യത്തിലാണ് വെങ്കയ്യയുടെ മറുപടി.

പാകിസ്ഥാനു മുകളിലൂടെ ഇന്ത്യയിലേക്കുള്ള വ്യോമപാതയും അഫ്ഗാനിസ്ഥാനിലേക്കുള്ള വ്യാപാര പാതയും അടയ്ക്കുമെന്നും ഇക്കാര്യം പാക് മന്ത്രിസഭയുടെ പരിഗണനയിലാണെന്നും ചൊവ്വാഴ്ച പാക് ശാസ്ത്ര-സാങ്കേതിക മന്ത്രി ഫവാദ് ചൗധരി ട്വീറ്റ് ചെയ്തിരുന്നു. ''മോദി തുടങ്ങിയത് ഞങ്ങൾ അടയ്ക്കും" എന്ന ടാഗോടു കൂടിയാണ് മന്ത്രിയുടെ ട്വീറ്റ്. ജമ്മുകാശ്മീരിന് നൽകിയിരുന്ന പ്രത്യേക പരിഗണന ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് പ്രതികാരനടപടികളുമായി പാകിസ്ഥാൻ രംഗത്തെത്തിയത്. മാത്രമല്ല, കാശ്മീർ വിഷയത്തിൽ രാജ്യാന്തര പിന്തുണ നേടിയെടുക്കാനുള്ള പാകിസ്ഥാന്റെ നീക്കങ്ങളും പരാജയപ്പെട്ടിരുന്നു.

പാക് പക

 ഇന്ത്യയിലേക്കുള്ള ബസ്, ട്രെയിൻ സർവീസുകളും വാണിജ്യ ബന്ധവും നിറുത്തി

 ഇന്ത്യൻ സ്ഥാനപതിയെ പുറത്താക്കി,​ പാക് പ്രതിനിധിയെ തിരികെ വിളിച്ചു

 കാശ്മീർ വിഷയത്തിൽ പിന്തുണ അഭ്യർത്ഥിച്ച് യു.എൻ രക്ഷാസമിതിയിൽ

 കാശ്മീർ ഉഭയകക്ഷി പ്രശ്നമാണെന്ന് രക്ഷാസമിതിയിൽ ഭൂരിപക്ഷം

 പാകിസ്ഥാനൊപ്പം നിലകൊണ്ടത് ചൈന മാത്രം

 അടുത്തമാസം യു.എൻ പൊതുസഭയിൽ ഇമ്രാൻ വിഷമുന്നയിക്കും

 പാകിസ്ഥാനിലെ ജനം കാശ്മീരിനൊപ്പമെന്ന് ഇമ്രാൻ

 മിസൈൽ

ബലൂചിസ്ഥാനിൽ മിസൈൽ പരീക്ഷണത്തിനു തയാറായി പാകിസ്ഥാൻ. മിസൈൽ പരീക്ഷണം നടക്കുന്നതിനാൽ ഓഗസ്റ്റ് 28 മുതൽ 31 വരെ പാകിസ്ഥാനു മുകളിലൂടെയുള്ള മൂന്ന് വ്യോമപാതകൾ താത്കാലികമായി അടച്ചിടുമെന്ന് പാകിസ്ഥാൻ അറിയിച്ചു. ഇന്നലെ ഇതു സംബന്ധിച്ചു വൈമാനികർക്കുള്ള നിർദേശവും പുറത്തിറങ്ങിയതായി ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.