മലയാളസിനിമയിൽ ഒരുകാലത്ത് ഏറ്റവുമധികം ആരാധകരുണ്ടായിരുന്ന നടിയായിരുന്നു വിജയശ്രീ. തന്റെ മേനിയഴകും സൗന്ദര്യവും കൊണ്ട് അറുപതുകളിലെ യുവത്വത്തിന്റെ സിരകളെ ത്രസിപ്പിക്കാൻ വിജയശ്രീയ്‌ക്ക് കഴിഞ്ഞിരുന്നു.അക്കാലത്തെ മലയാളത്തിലെ വാണിജ്യ സിനിമകളുടെയെല്ലാം വിജയഘടകമായിരുന്നു വിജയശ്രീ. എന്നാൽ തന്റെ ഇരുപത്തിയൊന്നാമത്തെ വയസിൽ മരണം വിജയശ്രീയെ കൂട്ടികൊണ്ടു പോവുകയായിരുന്നു. നടി ആത്മഹത്യ ചെയ്‌തതാണെന്നും അല്ലെന്നുമുള്ള ദുരൂഹത വിജയശ്രീയുടെ കാര്യത്തിൽ ഇന്നും ഉത്തരം കിട്ടാതെ തുടരുകയാണ്.
എന്നാൽ വിജയശ്രീയുടെ മരണം ഒരു ആത്മഹത്യയാണെന്ന് വിശ്വസിക്കാൻ തനിക്ക് കഴിയില്ലെന്ന് പറയുകയാണ് നടി ശ്രീലത നമ്പൂതിരി. നിരവധി സിനിമകളിൽ ഒപ്പം അഭിനയിച്ചിട്ടുള്ള തനിക്ക് വിജയശ്രീയെ അറിയാമായിരുന്നെന്നും, അവർ ഒരിക്കലും ആത്മഹത്യ ചെയ്‌തതായി കരുതുന്നില്ലെന്നും ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ശ്രീലത നമ്പൂതിരി വ്യക്തമാക്കി.
'വിജയശ്രീ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു. നല്ലൊരു ഫിഗറായിരുന്നു വിജയശ്രീയുടെത്. വിജയശ്രീയുടെ മരണം ഇപ്പോഴും ഒരു ഭയങ്കര ദുരൂഹതയിലാണ് പോകുന്നത്. അവർ ആത്മഹത്യ ചെയ്‌തതാണെന്നൊന്നും നമുക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. അവൾക്കൊരു ലവർ ഉണ്ടായിരുന്നു. ആ പുള്ളിയെ കല്യാണം കഴിക്കാനായിരുന്നു അവൾക്കിഷ്‌ടം. ഷൂട്ടിംഗ് ഇല്ലാതിരുന്ന സമയത്തൊക്ക മദ്രാസിൽ ഞങ്ങൾ ഒരുമിച്ച് ഒരുപാട് യാത്ര ചെയ്‌തിട്ടുണ്ട്.
ബാംഗ്ളൂരിൽ ഒരു ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് വിജയശ്രീ ആത്മഹത്യ ചെയ്‌തുവെന്ന് അറിയുന്നത്. അന്ന് കേട്ടിരുന്നത് എന്താന്ന് വച്ചാൽ വിജയശ്രീ ഒരു ചായ കുടിച്ചു. അതുകഴിഞ്ഞപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ്. ഇരുപത്തിനാല് വയസോ മറ്റോ ഉണ്ടായിരുന്നുള്ളൂ വിജയശ്രീയ്‌ക്ക് അന്ന്'-ശ്രീലത പറയുന്നു.