cm

കോട്ടയം: സെപ്തംബർ നാലിന് പാലയിൽ നടക്കുന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മാണി സി. കാപ്പനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ശനിയാഴ്ച പത്രിക സമർപ്പിക്കും.എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ തോമസ് ചാണ്ടിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിൽ ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടി ഒറ്റക്കെട്ടായിട്ടാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്ന് തോമസ് ചാണ്ടി പറ‌ഞ്ഞു. കെ.എം മാണിയെപ്പോലെ ശക്തനായ ഒരാളില്ലാത്തത് അനുകൂല ഘടകമാണെന്ന് മാണി സി. കാപ്പൻ പ്രതികരിച്ചു. തിരുവനന്തപുരത്ത് ഇന്ന് രാവിലെ 11ന് ചേർന്ന എൻ.സി.പി നേതൃയോഗത്തിലാണ് മാണി സി.കാപ്പനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തത്. എൻ.സി.പി തീരുമാനം എൽ.ഡി. എഫ് യോഗം അംഗീകരിച്ചു.

മൂന്നുതവണ കെ.എം.മാണിയോട് മത്സരിച്ച് മാണി സി.കാപ്പൻ പരാജയപ്പെട്ടെങ്കിലും മാറിയ സാഹചര്യത്തിൽ ഇത്തവണ മണ്ഡലം കൈപിടിയിലാക്കാമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. 2001ൽ ഉഴവൂർ വിജയൻ മത്സരിച്ചപ്പോൾ 33,301 വോട്ടായിരുന്നു കെ.എം.മാണിയുടെ ഭൂരിപക്ഷമെങ്കിൽ 2006ൽ അത് 7,590 ആയി കുറയ്ക്കാൻ കാപ്പന് സാധിച്ചു. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ 5,259 ആയി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 4,703 ആയി കുറയ്ക്കാനും മാണി സി.കാപ്പന് സാധിച്ചു. ഇതാണ് എൽ.ഡി.എഫിന് ആത്മവിശ്വാസം പകരാൻ ഒരു കാരണം. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയുടെ പരിപൂർണ പിന്തുണ മാണി സി.കാപ്പനാണ്. എന്നാൽ കോട്ടയം ജില്ലാ മുൻ നേതാക്കൾ മാണി സി.കാപ്പന് എതിരെ ശബ്ദമുയർത്തിയിരുന്നു