കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആറു മാസത്തിനകം 21 പുതിയ ഷോറൂമുകൾ തുറക്കുന്നു. 2023ഓടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ആഗോള വിപുലീകരണ പദ്ധതികളുടെ ഭാഗമായാണിത്. ഷോറൂമുകൾക്കും നിർമ്മാണ യൂണിറ്റുകൾക്കും പുറമേ, വിവിധ ജോലികൾക്ക് നിയമിക്കാനാകും വിധം യുവാക്കളെ ഒരുക്കാനായി സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളും തുടങ്ങുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
ലോകത്തെ ഏറ്രവും മികച്ച ജുവലറി ബ്രാൻഡായി മാറാനുള്ള ശ്രമങ്ങൾക്ക് ഇവ കരുത്തേകും. മലബാർ ഗോൾഡിന്റെ അമേരിക്കയിലെ രണ്ടാമത്തെ ഔട്ട്‌ലെറ്റ് ന്യൂജേഴ്‌സിയിലെ ഇസ്‌ലിനിൽ ആഗസ്‌റ്ര് 31ന് തുറക്കും. ആദ്യ ഔട്ട്‌ലെറ്ര് ചിക്കാഗോയിലെ വെസ്‌റ്ര് ഡെവോൺ അവന്യൂവിൽ 2018 നവബംറിൽ തുറന്നിരുന്നു. അമേരിക്ക, സൗത്ത് ഈസ്‌റ്ര് ഏഷ്യ, ഗൾഫ്, ഇന്ത്യ എന്നിവിടങ്ങളിലായി പത്തു രാജ്യങ്ങളിൽ മലബാർ ഗോൾഡിന് സാന്നിദ്ധ്യമുണ്ട്.
വടക്ക്, മദ്ധ്യ ഇന്ത്യയിലെ ടിയർ 1, ടിയർ 2 നഗരങ്ങളിലും ബംഗ്ലാദേശ്, ശ്രീലങ്ക, ഓസ്‌ട്രേലിയ, കാനഡ, ഈജിപ്‌ത്, ടർക്കി എന്നിവിടങ്ങളിലും ഷോറൂമുകൾ തുറക്കും. വിപുലീകരണത്തിന്റെ ഭാഗമായി മലബാർ ഗ്രൂപ്പിൽ നേരിട്ട് ജോലി ചെയ്യുന്ന പ്രൊഫഷണലുകളുടെ എണ്ണം 13,500 ആയി ഉയരും. ആസൂത്രിക വളർച്ചയും വിപുലീകരണവും കൈകാര്യം ചെയ്യാനായി അഞ്ചുവർഷത്തിനകം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
4,200ലേറെ നിക്ഷേപകരാണ് മലബാർ ഗോൾഡിന് വിവിധ സംരംഭങ്ങളിലായുള്ളത്. 19.4 ശതമാനം നിക്ഷേപകരും ഫ്രണ്ട് എൻഡ് മാനേജർ, ഡയറക്‌ടർമാർ തുടങ്ങിയവരടങ്ങുന്ന സ്ഥാപനത്തിലെ ഫുൾടൈം ജീവനക്കാരാണ്. നിലവിൽ ശക്തമായ സാന്നിദ്ധ്യമുള്ള ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വ്യാപിപ്പിക്കുന്ന പദ്ധതി തുടരുമെന്നും എം.പി. അഹമ്മദ് പറഞ്ഞു.