ന്യൂഡൽഹി: ഇന്ത്യയുമായി ഒക്‌ടോബറിൽ യുദ്ധത്തിന് സാധ്യതയുണ്ടെന്ന വെല്ലുവിളിയുമായി പാകിസ്ഥാൻ. പാക് റെയിൽവേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദാണ് വെല്ലുവിളി നടത്തിയിരിക്കുന്നത്. ഒക്ടോബറിലോ അതിനടുത്ത മാസങ്ങളിലോ ഇന്ത്യയുമായി പൂർണതോതിൽ യുദ്ധമുണ്ടായേക്കാമെന്നും റഷീദ് അഹമ്മദിന്റെ പ്രസ്താവനയിൽ പറയുന്നു.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ഇന്ത്യ എടുത്തുകളഞ്ഞശേഷം പാകിസ്താൻ തുടർച്ചയായി നടത്തുന്ന പ്രകോപനങ്ങൾക്ക് പിന്നാലെയാണ് അവിടുത്തെ ഒരു മന്ത്രിയുടെ ഭാഗത്തു നിന്നുതന്നെയുണ്ടാകുന്ന ഈ പ്രസ്‌താവമെന്നതും ശ്രദ്ധേയമാണ്.പാക് മാദ്ധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ഇതിനിടെ കറാച്ചിക്ക് സമീപം പാകിസ്ഥാൻ മിസൈൽപരീക്ഷണം നടത്താൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടക്കുമെന്ന് പാകിസ്ഥാൻ കഴിഞ്ഞദിവസം ഭീഷണിയുയർത്തിയിരുന്നു. പാകിസ്ഥാൻ വഴി അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വ്യാപാര പാത അടക്കുന്ന കാര്യത്തിലും മന്ത്രിസഭാ യോഗത്തിൽ ചർച്ച നടന്നെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയായ ഫവാദ് ഹുസൈൻ ട്വീറ്റ് ചെയ്തിരുന്നു. മോദി തുടങ്ങി, ഞങ്ങൾ പൂർത്തിയാക്കും എന്ന ടാഗോട് കൂടിയായിരുന്നു മന്ത്രിയുടെ ട്വീറ്റ്.