കൊൽക്കത്ത: ലതാ മങ്കേഷ്കരുടെ പ്രശസ്ത ഗാനമായ "എക് പ്യാർ കാ നഗ്മാ ഹേ" റെയിൽവേ പ്ലാറ്റ്ഫോമിലിരുന്ന് ശ്രുതിമധുരമായി ആലപിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ ജനലക്ഷങ്ങളുടെ ഇഷ്ടം നേടിയ വ്യക്തിയാണ് രാണു മൊണ്ടേൽ. ഭർത്താവിന്റെ മരണശേഷം നിത്യ വൃത്തിക്കായി ട്രെയിനിൽ ഗാനമാലപിച്ചിരുന്ന രേണുവിനെ നടനും ഗായകനും സംഗീതസംവിധായകനുമായ ഹിമേഷ് രേഷ്മിയ തനിക്കൊപ്പം പാടാൻ ക്ഷണിച്ചതോടെ സോഷ്യൽമീഡിയയിലും രാണു താരമായി. സോണി ടിവി അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് തനിക്കൊപ്പം പാടാൻ ഹിമേഷ് രാണുവിനെ ക്ഷണിച്ചത്. ഹാപ്പി ഹാർഡി ആൻഡ് ഹീർ എന്ന ചിത്രത്തിലെ ഹിമേഷും രാണുവും ചേർന്ന് ആലപിച്ച "തേരി മേരി" എന്ന ഗാനം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലുമാണ്. ഇപ്പോഴിതാ,
രാണുവിനായി ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ 55 ലക്ഷം രൂപ വിലവരുന്ന വീട് സമ്മാനമായി നൽകാനൊരുങ്ങുന്നതാണ് പുതിയ വാർത്ത. കൂടാതെ, തന്റെ പുതിയ ചിത്രമായ ദബംഗ് ത്രീയിൽ ഗാനമാലപിക്കാനുള്ള അവസരവും നൽകുമെന്നാണ് അഭ്യൂഹം. ഇന്ത്യയ്ക്കകത്തും നിന്നും പുറത്തുനിന്നും പരിപാടികൾ അവതരിപ്പിക്കാനടക്കം നിരവധി അവസരങ്ങൾ രാണുവിനെ തേടിയെത്തുന്നുണ്ട്. വർഷങ്ങൾക്കുമുമ്പ് പിരിഞ്ഞുപോയ മകളും ഇപ്പോൾ രാണുവിന് അരികിലെത്തിയിട്ടുണ്ട്.