ബംഗലുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി സംസാരിച്ച കോൺഗ്രസ് നേതാക്കളായ ജയറാം രമേശിനും ശശി തരൂരിനുമെതിരെ മുതിർന്ന നേതാവ് വീരപ്പ മൊയ്‌ലി.
മോദിയെ പുകഴ്ത്തി സംസാരിക്കുന്നവർ കോൺഗ്രസിനു ഗുണമല്ല ചെയ്യുന്നതെന്ന് വീരപ്പ മൊയ്ലി വ്യക്തമാക്കി. മന്ത്രിമാരായി അധികാരം ആസ്വദിച്ചവരാണ് ഇവർ. പ്രതിപക്ഷത്തെത്തിയപ്പോൾ ഭരിക്കുന്ന പാർട്ടിയിലേക്കു പാലമിടുകയാണ് ഇവർ ചെയ്യുന്നതെന്നും വീരപ്പമൊയ്‌ലി വാർത്താ ഏജൻസിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.
രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്തെ നയമരവിപ്പിന് ഉത്തരവാദി ജയറാം രമേശാണെന്ന് മൊയ്‌ലി കുറ്റപ്പെടുത്തി.
ശശി തരൂരിനെ പക്വതയുള്ള രാഷ്ട്രീയക്കാരനായി കണക്കാക്കിയിട്ടില്ല. വാർത്തകളിൽ ഇടംപിടിക്കാൻ എന്തെങ്കിലും പറയുന്നയാളാണ് തരൂർ. അതിനു ഗൗരവം കൊടുക്കേണ്ട കാര്യമൊന്നുമില്ല. അദ്ദേഹം കുറച്ചുകൂടി ഗൗരവത്തോടെ കാര്യങ്ങളെ കാണണം. ഇത്തരം ആളുകൾക്കെതിരെ കോൺഗ്രസ് നേതൃത്വം നടപടിയെടുക്കണം. പോകേണ്ടവർ നേരത്തെ തന്നെ പോവട്ടെ. പാർട്ടിക്കുള്ളിൽനിന്ന് അതിനെ അട്ടിമറിക്കാൻ അവരെ അനുവദിക്കരുത്- മൊയ്‌ലി വ്യക്തമാക്കി.