mani-shankar-aiyar

ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ ശശി തരൂരിനും ജയറാം രമേശിനും ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായ നിലപാടെടുത്ത് കോൺഗ്രസിലെ മുതിർന്ന നേതാവ് മണിശങ്കർ അയ്യർ. തരൂരിന്റെയും ജയറാം രമേശിന്റേയും നിലപാടുകളോട് സമാനമായി മോദിയെ കുറ്റം പറയുന്നത് കോൺഗ്രസിന് ഗുണം ചെയ്യില്ല എന്നാണ് മണിശങ്കറും പറഞ്ഞത്. മോദിയെ ഭീകരനാക്കി ആക്രമിക്കുന്നത് കോൺഗ്രസിന് ഗുണം ചെയ്യില്ല എന്നും മോദിയുടെ ഭരണമാതൃക അത്ര മോശമാണെന്ന് പറയാനാകില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഒരു ദേശീയ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നിരവധി തവണ മോദിക്കെതിരെ പരസ്യമായ നിലപാടെടുത്ത ആളാണ് മുൻ കേന്ദ്ര മന്ത്രി മണിശങ്കർ അയ്യർ. 2017ൽ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മോദിയെ ഹിന്ദിയിൽ 'നീച്' എന്ന് മണിശങ്കർ അയ്യർ വിളിച്ചത് വൻവിവാദത്തിലേക്ക് നയിച്ചിരുന്നു. താൻ ചായക്കാരൻ ആയി ജോലി ചെയ്തിട്ടുള്ളതും തന്റെ ജാതിയും കുടുംബപശ്ചാത്തലവും സൂചിപിച്ച് കൊണ്ടാണ് മണിശങ്കർ അയ്യരുടെ പരാമർശം എന്നാണ് പ്രധാനമന്ത്രി ഇതേകുറിച്ച് ആരോപിച്ചത്. ഈ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിശങ്കർ അയ്യർക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു.

2014ൽ മോദിക്ക് അനുകൂലമായി ശശി തരൂർ അഭിപ്രായം പ്രകടിപ്പിച്ചപ്പോൾ രൂക്ഷമായി അതിനോട് പ്രതികരിച്ച ആൾ കൂടിയാണ് മണിശങ്കർ അയ്യർ. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെയും മണിശങ്കർ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. അതേസമയം, മോദി അനുകൂല പരാമർശം നടത്തിയ ശശി തരൂരിനോട് കെ.പി.സി.സി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ താൻ മോദി അനുകൂല പരാമർശം നടത്തിയിട്ടില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ശശി തരൂർ.