കൊച്ചി: ആഭരണപ്രിയരെ നിരാശയിലാക്കുംവിധം സ്വർണവില കുതിക്കുന്നു. സംസ്ഥാനത്ത് ഇന്നലെ പവന് 160 രൂപ ഉയർന്ന് 28,720 രൂപയായി. 3,590 രൂപയാണ് ഗ്രാം വില. ഗ്രാമിന് 20 രൂപ കൂടി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. നിലവിലെ ട്രെൻഡ് തുടരുമെന്നും പവൻ വില വൈകാതെ 29,000 രൂപ കടക്കുമെന്നുമാണ് വിപണിയുടെ വിലയിരുത്തൽ. പണിക്കൂലിയും ജി.എസ്.ടിയും സെസും ചേരാതുള്ള വിലയാണിത്.
അന്താരാഷ്‌ട്ര വില വർദ്ധനയും രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതിച്ചെലവ് ഏറിയതുമാണ് സ്വർണത്തിന്റെ വിലക്കുതിപ്പിന് കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 29 പൈസ ഇടിഞ്ഞ് 71.77 രൂപയായി. ആറു വർഷത്തെ ഏറ്രവും മോശം പ്രതിമാസ പ്രകടനമാണ് രൂപയുടേത്. ക്രൂഡോയിൽ വില വർദ്ധന, ഓഹരികളുടെ തകർച്ച എന്നിവയാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. കഴിഞ്ഞവാരം ഔൺസിന് 1,500 ഡോളർ നിലവാരത്തിലായിരുന്ന അന്താരാഷ്‌ട്ര സ്വർണവില ഇന്നലെ 1,542 ഡോളറിലേക്ക് കുതിച്ചുകയറി. .
₹3,040
ഈമാസം ഇതുവരെ പവന് കൂടിയത് 3,040 രൂപ. ഗ്രാമിന് വർദ്ധന 380 രൂപ
₹31,000
പവന് വില 28,720 രൂപയാണെങ്കിലും ജി.എസ്.ടി, പണിക്കൂലി, കാൽ ശതമാനം സെസ് എന്നിവ കൂടി ചേരുമ്പോൾ ഉപഭോക്താവ് കുറഞ്ഞത് 31,000 രൂപയെങ്കിലും നൽകണം.