വിശാഖപട്ടണം: ഒക്ടോബറിൽ ഇന്ത്യയുമായി യുദ്ധമുണ്ടാകുമെന്ന പാകിസ്ഥാന്റെ വെല്ലുവിളിക്ക് മറുപടിയുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്ത്യയെ ആരെങ്കിലും ആക്രമിക്കാൻ വന്നാൽ അവരുടെ ജീവിതത്തിലൊരിക്കലും മറക്കാത്ത മറുപടി നൽകുമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.
നമ്മൾ ആരെയും ആക്രമിച്ചിട്ടില്ല, എല്ലാവരും നമ്മളെ ആക്രമിക്കാനാണ് വന്നത്. എന്നാൽ ആരെങ്കിലും ഇങ്ങോട്ട് ആക്രമിക്കാൻ വന്നാൽ അവരുടെ ജീവിതകാലത്ത് മറക്കാൻ കഴിയാത്ത മറുപടിയായിരിക്കും നമ്മൾ യുദ്ധക്കൊതിയന്മാരല്ല, സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന പൗരന്മാരാണെന്നും വിശാഖപട്ടണത്ത് നടന്ന ചടങ്ങിൽ വെങ്കയ്യ നായിഡു പറഞ്ഞു.
മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടാൻ ആഗ്രഹിക്കുന്നില്ല, അതുപോലെ മറ്റു രാജ്യങ്ങൾ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു..കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, അവിടെ പിന്നെ ചർച്ചയുടെ ആവശ്യകതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ അയൽക്കാർ തീവ്രവാദികള്‍ക്ക് പണവും പരിശീലനവും നൽകി ഇന്ത്യയെ തകർക്കാൻ ശ്രമിക്കുകയാണ്. ഇത് അവര്‍ക്ക് തന്നെ ദോഷമായി തീരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായി ഒക്‌ടോബറിൽ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പാക് റെയിൽവേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദാണ് വെല്ലുവിളി നടത്തിയത്. ഒക്ടോബറിലോ അതിനടുത്ത മാസങ്ങളിലോ ഇന്ത്യയുമായി പൂർണതോതിൽ യുദ്ധമുണ്ടായേക്കാമെന്നും റഷീദ് അഹമ്മദിന്റെ പ്രസ്താവനയിൽ പറയുന്നു. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ഇന്ത്യ എടുത്തുകളഞ്ഞശേഷം പാകിസ്താൻ തുടർച്ചയായി നടത്തുന്ന പ്രകോപനങ്ങൾക്ക് പിന്നാലെയാണ് അവിടുത്തെ ഒരു മന്ത്രിയുടെ ഭാഗത്തു നിന്നുതന്നെയുണ്ടാകുന്ന ഈ പ്രസ്‌താവന.