തിരുവനന്തപുരം: പാലാ നിയമസഭാ മണ്ഡലത്തിൽ എൻ.സി.പി ദേശീയ പ്രവർത്തക സമിതി അംഗം മാണി സി. കാപ്പൻ ഇടതുമുന്നണി സ്ഥാനാർത്ഥിയാകും.
ഇന്നലെ വൈകിട്ട് ചേർന്ന പാർട്ടി തിരഞ്ഞെടുപ്പ് സമിതിയാണ് മാണി സി. കാപ്പന്റെ പേര് അംഗീകരിച്ചത്. പിന്നാലെ ദേശീയ ജനറൽസെക്രട്ടറി ടി.പി. പീതാംബരൻ ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിനെ ഫോണിൽ ബന്ധപ്പെട്ട് അംഗീകാരം വാങ്ങി. തുടർന്ന് സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എം.എൽ.എ മാണി സി. കാപ്പന്റെ പേര് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
31ന് രാവിലെ 10നും 11നുമിടയ്‌ക്ക് മാണി സി. കാപ്പൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
മൂന്ന് തവണയായി പാലായിൽ കെ.എം. മാണിക്കെതിരെ ഇടതുസ്ഥാനാർത്ഥിയായി മത്സരിച്ച മാണി സി. കാപ്പൻ കഴിഞ്ഞ തവണ 4703 വോട്ടിനാണ് പരാജയപ്പെട്ടത്.
ഇന്നലെ ഉച്ച കഴിഞ്ഞ് ചേർന്ന ഇടതുമുന്നണിയോഗം പാലാ സീറ്റ് എൻ.സി.പിക്ക് തന്നെ നൽകാൻ തീരുമാനിച്ചിരുന്നു. രാവിലെ ചേർന്ന എൻ.സി.പി സംസ്ഥാന നേതൃയോഗത്തിലാണ് പാലാ സീറ്റ് കിട്ടിയാൽ മാണി സി. കാപ്പനെ മത്സരിപ്പിക്കണമെന്ന് ധാരണയായത്. 12 അംഗങ്ങളിൽ പങ്കെടുത്ത പത്ത് പേരും മാണി സി. കാപ്പനെ തുണച്ചു.
ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ സെപ്തംബർ 4ന് വൈകിട്ട് നാലിന് പാലായിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.