കോലഞ്ചേരി: യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയായി കൊച്ചി ഭദ്റാസനാധിപൻ ഡോ. ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ തിരഞ്ഞെടുത്തു. സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ചേർന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലായിരുന്നു തിരഞ്ഞെടുപ്പ്.
ജൂലായ് 31 ന് നടന്ന സഭാ സുന്നഹദോസിൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റി സ്ഥാനത്തേക്ക് ഇദ്ദേഹത്തെയാണ് നിർദ്ദേശിച്ചത്. മറ്റാരും മത്സരരംഗത്ത് വരാതിരുന്നതിനെ തുടർന്ന് ഈ തീരുമാനം ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു. എബ്രാഹാം സെവേറിയോസ് മെത്രാപ്പൊലീത്തയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഉദ്ഘാടനം ചെയ്തു. സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് തീമോത്തിയോസ്, ഡോ. കുര്യാക്കോസ് തെയോഫിലോസ്, സ്ലീബാപോൾ വട്ടവേലിൽ കോർ എപ്പിസ്‌കോപ്പ, പീറ്റർ കെ. ഏലിയാസ്, സി.കെ. ഷാജി ചുണ്ടയിൽ എന്നിവർ പ്രസംഗിച്ചു. മെത്രാപ്പൊലീത്തൻ ട്രസ്റ്റി സ്ഥാനത്തുനിന്ന് കാതോലിക്കബാവ രാജിവച്ചതിനെത്തുടർന്ന് കഴിഞ്ഞ മേയ് 25 ന് സഭാ മേലദ്ധ്യക്ഷനായ പാത്രിയാർക്കീസ് ബാവയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സഭാ സുന്നഹദോസാണ് മൂന്ന് മാസത്തിനുളളിൽ അസോസിയേഷൻ ചേർന്ന് മെത്രാപ്പൊലീത്തൻ ട്രസ്റ്റിയെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്.