swami-chinmaynand

ന്യൂഡൽഹി: ഉത്തർപ്രദേശിൽ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച യുവതിയെ കാണാതായെന്ന പരാതിയിൽ വൻ ട്വിസ്റ്റ്. യുവതി ന്യൂഡൽഹിയിലുണ്ടെന്ന് പോലീസ് പൊലീസ് സ്ഥിരീകരിച്ചു.

ഒരു ആൺകുട്ടിക്കൊപ്പം യുവതി ദ്വാരകയിലെ ഹോട്ടലിൽ ഉണ്ടെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് സ്ഥിരീകരിച്ചതായി ഉന്നത പൊലീസ് ഉദ്യോഗലസ്ഥർ വാർത്താ ഏജൻസിയോട് പറഞ്ഞു. അഞ്ച് കോടിരൂപ ആവശ്യപ്പെട്ട് സ്വാമി ചിന്മയാനന്ദിനെ നിരവധി തവണ ഫോൺചെയ്ത ആൺകുട്ടിക്കൊപ്പമാണ് യുവതി ന്യൂഡൽഹിയിൽ ഉള്ളതെന്നും പൊലീസ് പറഞ്ഞു.

ഷാജഹാൻപൂർ സ്വദേശികളാണ് ഇരുവരും. ഇവർ ഹോട്ടലിൽ തിരിച്ചറിയൽ രേഖയായി നല്‍കിയ ആധാർ കാർഡ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഷാജഹാൻപൂരിലുള്ള എസ്.എസ് കോളേജിലെ നിയമ വിദ്യാർത്ഥിനിയാണ് യുവതി. 23കാരിയായ ഇവരെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്. കോളേജിലെ ഉന്നതന്റെ പീഡനത്തിൽനിന്ന് രക്ഷിക്കണമെന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇവർ അഭ്യർത്ഥിക്കുന്ന വീഡിയോ ഇതിനിടെ സോഷ്യൽ മീഡിയിയൽ വ്യാപകമായി പ്രചരിച്ചിരുന്നു. “ഒട്ടേറെ പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ച സന്ത് സമാജിലെ ഉന്നതൻ എന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. യോഗിജീ, മോദിജീ എന്നെ സഹായിക്കൂ. എന്റെ കുടുംബത്തെയും കൊല്ലുമെന്ന് അയാൾ ഭീഷണിപ്പെടുത്തിയിട്ടുണ്ട്... പൊലീസും ജില്ലാ മജിസ്ട്രേറ്റും തന്റെ പോക്കറ്റിലാണെന്നാണ് ആ സന്ന്യാസി പറയുന്നത്. അയാൾക്കെതിരായ എല്ലാ തെളിവുകളും എന്റെ കെെയിലുണ്ട്” -എന്നാണ് വിദ്യാർത്ഥിനി വീഡിയോയിൽ പറയുന്നത്.

കാറിലിരുന്നെടുത്ത വീഡിയോ ആഗസ്റ്റ് 24-ന് വൈകിട്ട് നാലിനാണ് യുവതി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. പിന്നീട് യുവതിയെ കാണാതായി. വീഡിയോ കണ്ടശേഷം ചിന്മയാനന്ദിനോട് ഫോണിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു. ഇതോടെ പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. ഈ കേസിലാണ് വഴിത്തിരിവ്.

തന്നെ കേസിൽ കുടുക്കിയതാണെന്നും ലൈംഗിക ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നും ബി.ജെ.പി നേതാവ് സ്വാമി ചിന്മയാനന്ദ് നേരത്തെ അവകാശപ്പെട്ടിരുന്നു. തന്നെയും യോഗി ആദിത്യനാഥ് സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. നേരത്തെ നാല് ആൺകുട്ടികൾ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.