ലിമ: ആഗോള കാലാവസ്ഥയെ തകിടംമറിക്കുന്ന എൽനിനോ പോലെയുള്ള പ്രതിഭാസങ്ങളിൽനിന്ന് രക്ഷനേടാനായി നടത്തിയതെന്ന് കരുതപ്പെടുന്ന ബാലബലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിലാണ് ബലി നൽകിയ 227 കുട്ടികളുടെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 12 മുതൽ 14-ാം നൂറ്റാണ്ടു വരെ പെറുവിൽ നിലനിന്നിരുന്ന ചിമു നാഗരിക സംസ്‌കാര കാലത്ത് കടലിന് അഭിമുഖമായി ബലി അർപ്പിക്കപ്പെട്ട കുട്ടികളുടെ അവശിഷ്ടങ്ങളാണിത്. ചരിത്രത്തിലെ ഏറ്റവും വലിയ ബാലബലിയുടെ അവശിഷ്ടങ്ങളാണു കണ്ടെത്തിയിരിക്കുന്നതെന്നു ഗവേഷകർ അറിയിച്ചു.
എൽ നിനോ പോലുള്ള പ്രതിഭാസത്തെ പ്രീതിപ്പെടുത്താനാണു കുഞ്ഞുങ്ങളെ ബലി അര്‍പ്പിച്ചതെന്നാണു നിഗമനം. നാലു മുതല്‍ 14 വയസ് വരെയുള്ള കുട്ടികളെയാണു കടലിന് അഭിമുഖമായി ബലി നല്‍കിയിരിക്കുന്നത്. ചില അവശിഷ്ടങ്ങളില്‍ ഇപ്പോഴും രോമങ്ങളും തൊലിയുമുണ്ട്. മഴയുള്ള സമയത്താണു ബലി നടന്നിരിക്കുന്നത്. കഴിഞ്ഞ വർഷം മുതൽ ഹ്യുവാൻചാകോ മേഖലയിൽ ഖനനം നടത്തുന്ന ഗവേഷകരാണ് ഇവ കണ്ടെത്തിയത്. ചില അവശിഷ്ടങ്ങളിൽ ഇപ്പോഴും മുടിയും രോമങ്ങളും ഉള്ളതായാണ് പറയപ്പെടുന്നത്. 2018 ജൂണിൽ സമീപപ്രദേശത്തു നടത്തിയ ഖനനത്തിലും 56 അസ്ഥികൂടങ്ങൾ കണ്ടെത്തിയിരുന്നു.