കൊല്ലം: കളക്ടറേറ്റ് കൺട്രോൾ റൂമിലെ മൊബൈൽ നമ്പരിലേക്ക് ഇന്ത്യാ വിരുദ്ധ വാട്സ് ആപ്പ് സന്ദേശമെത്തി. സന്ദേശത്തിൽ ഭീഷണിയില്ലെങ്കിലും കൊല്ലം വെസ്റ്റ് പൊലീസ് ഐ.ടി ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം സൈബർ സെല്ലിന് കൈമാറി.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സന്ദേശമെത്തിയത്. മലയാളം ഇംഗ്ലീഷിലെഴുതുന്നത് പോലെ ഹിന്ദിയും ഉറുദുവും കലർന്ന ഭാഷ ഇംഗ്ലീഷിലാക്കിയാണ് സന്ദേശമെഴുതിയിരിക്കുന്നത്. ഹിന്ദുസ്ഥാൻ മുർദ്ദാബാദ്, കാശ്മീരിൽ നിന്ന് ഇന്ത്യൻ സേനയെ പിൻവലിക്കുക എന്നിങ്ങനെയാണ് സന്ദേശം തുടങ്ങുന്നത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കും എതിരെ ശക്തമായ വിമർശനങ്ങളുണ്ട്. പൊലീസ് അന്വേഷണത്തിൽ പാകിസ്ഥാനിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന നമ്പരിൽ നിന്നാണ് സന്ദേശമെത്തിയതെന്ന് സ്ഥിരീകരിച്ചു. അയച്ച ആളിനെയും നമ്പർ ഏത് കമ്പനിയുടേതാണെന്നും കണ്ടെത്താനായില്ല. സന്ദേശമെത്തിയ ഫോൺ സൈബർ സെൽ പരിശോധിച്ച് വരികയാണ്. പാകിസ്ഥാനിലെ നമ്പർ ഹാക്ക് ചെയ്ത് ഇന്ത്യയിൽ നിന്ന് സന്ദേശമയച്ചതാണോയെന്നും സംശയവുമുണ്ട്.
ഐസിസ് അനുകൂല
വാട്സ്ആപ്പ് ഗ്രൂപ്പ് !
തീവ്രവവാദ സംഘടനയായ ഐസിസ് അനുകൂല വാട്സ്അപ്പ് ഗ്രൂപ്പ് പ്രവർത്തിക്കുന്നതായി അടുത്തിടെ സൈബർ സെല്ലിന് വിവരം ലഭിച്ചിരുന്നു. മൂന്ന് മാസം മുൻപ് ഈ ഗ്രൂപ്പിന്റെ ലിങ്ക് ജില്ലയിൽ പലരുടെയും വാട്സ് ആപ്പ് നമ്പരിലേക്ക് എത്തിയിരുന്നു. സൈബർ സെൽ ഈ ലിങ്ക് ഉപയോഗിച്ച് നുഴഞ്ഞ് കയറിയതിന് പിന്നാലെ ഗ്രൂപ്പ് അപ്രത്യക്ഷമായി. ഐസിസിന് അനുകൂലമായി അറബ് ഭാഷയിലുള്ള സന്ദേശങ്ങളാണ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. പാകിസ്ഥാനിലെ ചില മൊബൈൽ നമ്പരുകളും ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്നു. സൈബർ സെൽ ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചപ്പോഴേക്കും ഗ്രൂപ്പ് അപ്രത്യക്ഷമായി.