muslims

ന്യൂഡൽഹി: രാജ്യത്തെ ഭൂരിഭാഗം പൊലീസുകാരും മുസ്ലിം മതത്തിൽ പെട്ടവർ ജന്മനാ കുറ്റവാളികളെന്ന് വിശ്വസിക്കുന്നുവെന്ന് സ്റ്റാറ്റസ് ഒഫ് പൊലീസിംഗ് ഇൻ ഇന്ത്യ 2019 സർവേ ഫലം. രാജ്യത്തെ മൂന്നിൽ രണ്ട് പൊലീസുകാരും ഈ രീതിയിലുള്ള വിശ്വാസം വച്ച് പുലർത്തുന്നവരാണ് എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം രാജ്യത്തെ ഉന്നത ജാതിക്കാർ കുറ്റങ്ങൾ ചെയ്യാറില്ലെന്നും 51 ശതമാനം പൊലീസുകാരും കരുതുന്നു. മുസ്ലിം, ദളിത്, ആദിവാസി വിഭാഗങ്ങളിലാണ് കുറ്റവാളികൾ കൂടുതൽ ഉള്ളതെന്നും കൂടുതൽ പൊലീസുകാരും വിശ്വസിക്കുന്നു.

സെന്റർ ഫോർ സ്റ്റഡി ഒഫ് ഡെവലപ്പിംഗ് സൊസൈറ്റീസിന്റെ ലോക്നീതി പ്രോഗ്രാമും 'കോമൺ കോസ്' എന്ന സർക്കാരിതര സംഘടനയും ഒരുമിച്ച് നടത്തിയ സർവേയിലാണ് ഈ വിവരം പുറത്ത് വരുന്നത്. പൊലീസിന്റെ കാര്യക്ഷമതയും തൊഴിൽ സാഹചര്യങ്ങളെയും കുറിച്ചാണ് ഈ റിപ്പോർട്ടിൽ പൊതുവെ പ്രാധാന്യം നൽകുന്നത്. മുസ്ലീമുകൾ ജന്മനാ കുറ്റവാസന ഇല്ലാത്തവരാണെന്ന് വിശ്വസിക്കുന്ന പൊലീസുകാരുടെ എണ്ണം വളരെ കുറവാണെന്നും സർവേയിൽ കാണാം.

മറ്റ് വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മുസ്ലീമുകൾ ആണ് കൂടുതൽ ക്രിമിനൽ കേസുകളിലും പ്രതികളെന്ന് തങ്ങൾ കാണുന്നുവെന്നതാണ് ഈ വിശ്വാസത്തിന് ഇവർ നൽകുന്ന കാരണം. ഉത്തർ പ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ പൊലീസുകാർ ദളിത് വിഭാഗങ്ങളും കുറ്റവാസന ഉള്ളവരാണെന്ന് പറയുന്നു. ഗോവധം, ബലാത്സംഗം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളെ ആൾക്കൂട്ടം മർദ്ധിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നും പൊലീസുകാർ പറയുന്നു. 35 ശതമാനം പൊലീസുകാർക്കാണ് ഈ അഭിപ്രായമുള്ളത്.

ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 12,000 പൊലീസുകാരുമായും അവരുടെ അവരുടെ 11,000ത്തോളം വരുന്ന കുടുംബാംഗളുമായും ആശയവിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ സർവേ തയാറാക്കപ്പെട്ടത്. ഈ സർവേയിൽ പങ്കെടുത്ത 37 ശതമാനം പൊലീസുകാരും പറയുന്നത് ചെറു കുറ്റകൃത്യങ്ങളിൽ പൊലീസുകാർക്ക് തന്നെ ശിക്ഷ നൽകാമെന്നും, കേസ് എടുക്കേണ്ട ആവശ്യമില്ലെന്നുമാണ്. കൃത്യനിര്വഹണത്തിനിടെ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നുണ്ടെന്ന് 72 ശതമാനം പൊലീസുകാരും സമ്മതിക്കുന്നു. റിട്ടയർ ചെയ്ത മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ചെലമേശ്വർ ആണ് സർവേ ഫലം പ്രകാശനം ചെയ്തത്.