ന്യൂഡൽഹി∙ കാശ്മീരിൽ ജനങ്ങൾ മരിച്ചുവീഴുകയാണെന്ന് റിപ്പോർട്ടുണ്ടെന്ന കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാക്കുകൾ യു.എന്നിന് അയച്ച കത്തിൽപരാമർശിച്ച് പാകിസ്ഥാൻ. ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരെ പാകിസ്ഥാൻ മനുഷ്യാവകാശ വകുപ്പു മന്ത്രി ഷിറീൻ മസാരി യു.എന്നിന് അയച്ച കത്തിലാണ് രാഹുലിന്റെ പരാമർശവും ഉൾപ്പെടുത്തിയത്.
‘കാശ്മീരിലെ അക്രമങ്ങൾ ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കൾ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടി നേതാവ് രാഹുൽ ഗാന്ധി കാശ്മീരിൽ ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുകയാണെന്നാണു പറഞ്ഞത്’– പാക്കിസ്ഥാൻ മന്ത്രി കത്തിൽ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ വാക്കുകൾ പാക്കിസ്ഥാന്‍ യുഎന്നിന് അയച്ച കത്തിൽ പരാമർശിച്ചതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. യുഎന്നിലേക്കുള്ള അപേക്ഷയിൽ പാകിസ്ഥാൻ അനാവശ്യമായി രാഹുൽ ഗാന്ധിയുടെ പേരു വലിച്ചിഴയ്ക്കുകയായിരുന്നെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു ജമ്മു കശ്മീരുമായി ബന്ധപ്പെട്ട കള്ളത്തരങ്ങൾ നീതികരിക്കാനാണ് അവരുടെ നീക്കം. ജമ്മു, കശ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങളെല്ലാം ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ്. ജമ്മു കാശ്മീരിൽ അക്രമമുണ്ടാക്കാനാണ് പാക്കിസ്ഥാന്റെ നീക്കമെന്നും കോൺഗ്രസ് ആരോപിച്ചു.
പാകിസ്ഥാനെതിരെ രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അവിടെ പാകിസ്ഥാന് ഇടമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.