ലിമ: അന്ധവിശ്വാസം പിടിമുറുക്കിയാൽ മനുഷ്യൻ ചെയ്തുകൂട്ടുന്ന ക്രൂരകൃത്യങ്ങൾക്ക് ഒരു കണക്കും ഉണ്ടാവുകയില്ല. അത്തരത്തിൽ ചോര മരവിപ്പിക്കുന്ന ഒരു സംഭവമാണ് ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിലെ ലിമയിൽ ഉണ്ടായത്. കാലാവസ്ഥാ പ്രതിഭാസത്തിൽ നിന്നും രക്ഷ നേടാൻ 227 കുട്ടികളെയാണ് ഇവിടത്തുകാർ ബലി നൽകിയ ശേഷം കുഴിച്ചു മൂടിയത്. 11 മുതൽ 13 നൂറ്റാണ്ടു വരെ ഇവിടെ ജീവിച്ചിരുന്ന ചിമു നാഗരിക സംസ്കാരത്തിൽ പെട്ട ആളുകളാണ് തങ്ങളുടെ കുട്ടികളെ അന്ധവിശ്വാസത്തിന്റെ പേരിൽ കൂട്ടകൊലപാതകത്തിന് ഇരയാക്കിയത്.
ലിമയ്ക്ക് അടുത്തുള്ള കടൽത്തീര വിനോദസഞ്ചാര കേന്ദ്രമാണ് ഈ പ്രദേശത്ത് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ഒരു വർഷമായി ഇവിടെ ഗവേഷണം നടത്തുകയാണ് ഗവേഷകർ. ഒടുവിൽ ഈയിടെയാണ് നൂറ്റാണ്ടുകൾക്ക് മുൻപ് കൊന്നു തള്ളപ്പെട്ട കുട്ടികളുടെ ജഡങ്ങൾ കണ്ടെടുക്കുന്നത്. ചിമു സംസ്കാരത്തിലെ ദൈവങ്ങളെ പ്രീതിപ്പെടുത്തി സമുദ്രത്തിലെ താപനില അനിയന്ത്രിതമായി ഉയർത്തുന്ന എൽ നീനോ പ്രതിഭാസത്തിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് ഇവർ തങ്ങളുടെ കുട്ടികളെ ബലി നൽകിയത്.
നാല് വയസിനും 14 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ അവശിഷ്ടങ്ങളാണ് ഇപ്പോൾ ഗവേഷകർ പുറത്തെടുത്തിരിക്കുന്നത്. ലോകത്തിൽ ഇന്നുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ ബാലബലിയാണിതെന്നാണ് ഗവേഷകർ പറയുന്നത്. ഇനിയും നിരവധി ശരീരാവശിഷ്ടങ്ങൾ ലഭിക്കാനുണ്ടെന്നും എവിടെ കുഴിച്ചാലും കുട്ടികളെ അസ്ഥികളാണ് പൊന്തുന്നതെന്നും ഗവേഷകർ നടുക്കത്തോടെ പറയുന്നു. കടൽത്തീരത്തെ ഉപ്പ് നിറഞ്ഞ മണലിൽ കുഴിച്ചിടപ്പെട്ടത് കൊണ്ട് ചില അസ്ഥികൂടങ്ങളിൽ ചർമവും മുടിയും ഇപ്പോഴും അവശേഷിച്ചിട്ടുണ്ട്.