satyapal-

ശ്രീനഗർ: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റ് അഞ്ചിന് ശേഷം താഴ്വരയിൽ പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്നും കുറച്ചുപേർക്ക് പരിക്കേറ്റതായും കാശ്മീർ ഗവർണർ സത്യപാൽ മാലിക് സമ്മതിച്ചു. പരിക്കേൽക്കാതിരിക്കാനുള്ള മുൻകരുതലെടുത്തിട്ടുണ്ടായിരുന്നെങ്കിലും ചിലർക്ക് അരയ്ക്ക് താഴെ പരിക്കേറ്റു. ഒരാൾക്ക് മാത്രം കഴുത്തിൽ മുറിവേറ്റു. ഇയാളിപ്പോൾ സുഖം പ്രാപിച്ചു. ഒരൊറ്റ സിവിലിയൻ പോലും ഇതുവരെ മരിച്ചിട്ടില്ലെന്നും ഗവർണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ച് നിരവധി പേർക്ക് കണ്ണിന് പരിക്കേറ്റതായും പലരുടേയും കാഴ്ചയെ ബാധിച്ചതായും റോയിട്ടേഴ്സും ബി.ബി.സിയും അടക്കമുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇക്കാര്യം നിഷേധിച്ചിരുന്നു.
' ജമ്മു കാശ്മീരിൽ യാതൊരു പ്രശ്നവുമില്ല. എല്ലാം ശാന്തമാണ്. ജനങ്ങളുടെ ക്ഷേമത്തിനും നന്മയ്ക്കും വേണ്ടിയാണ് കാശ്മീർ താഴ്വരയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. തീവ്രവാദം പടരുന്നത് തടയാനാണ് ഫോണും ഇന്റർനെറ്റും കട്ട് ചെയ്തത്. ഇതുടനെ പുന:സ്ഥാപിക്കും. അടുത്ത മൂന്നുമാസത്തിനുള്ളിൽ 50, 000 തൊഴിലവസരങ്ങൾ സൃഷ്ടിച്ച് വലിയ തോതിൽ റിക്രൂട്ട്‌മെന്റ് നടത്തും- സത്യപാൽ മാലിക് പറഞ്ഞു.


കാശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന നേതാക്കളെ എപ്പോൾ മോചിപ്പിക്കുമെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ- 'ഞാൻ 30 തവണ ജയിലിൽപോയിട്ടുണ്ട്. ആരൊക്കെ ജയിൽ പോയിട്ടുണ്ടോ അവരൊക്കെ ഭാവിയിൽ നേതാക്കൻമാരായി തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ തടവിലായവർക്ക് ഭാവിയിൽ നേട്ടങ്ങളുണ്ടാകും. കാശ്മീരിൽ നിന്ന് പുതിയ നേതാക്കളുണ്ടാകുന്നത് നല്ലതല്ലേ? മാലിക് ചോദിച്ചു.