ശ്രീനഗർ∙ കാശ്മീരിനായി വമ്പൻ പ്രഖ്യാപനവുമായി ഗവർണർ സത്യപാൽ മാലിക്. മൂന്നു മാസത്തിനുള്ളിൽ കാശ്മീരി യുവാക്കൾക്കായി 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഗവർണർ അറിയിച്ചു. അടുത്ത ആറു മാസത്തിനുള്ളിൽ കാശ്മീരിൽ 50 പുതിയ കോളേജുകൾ തുറക്കും. ഇതുകൂടാതെ പെൺകുട്ടികൾക്കായി പ്രത്യേക കോളേജുകൾക്ക് അനുമതി നൽകമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കാശ്മീർ ഭരണ സമിതിയിൽ 50,000 പുതിയ തൊഴിലുകൾ സൃഷ്ടിക്കും. അടുത്ത രണ്ടോ മൂന്നോ മാസം കൊണ്ട് ഈ തസ്തികകളിലേക്കെല്ലാം നിയമനം പൂർത്തിയാക്കും. ഇത് കാശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ആകും–മാലിക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നേരത്തേ കാശ്മീരിലേക്കു നിക്ഷേപങ്ങൾ ഒന്നും വന്നിരുന്നില്ല, തൊഴിലില്ലായ്മ കൂടുതലുമായിരുന്നു. എന്നാൽ ഇന്ന് ഈ സ്ഥിതി മാറിവരികയാണ്.
കാശ്മീരിനായി കേന്ദ്രസർക്കാൻ എന്തോ വലുത് കരുതി വച്ചിട്ടുണ്ടെന്നും പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നും മാലിക് കൂട്ടിച്ചേർത്തു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള നിയന്ത്രണങ്ങൾ സുരക്ഷയെ കരുതി മാത്രമാണെന്നും മാലിക് വ്യക്തമാക്കി.
അതേസമയം, പ്രതിഷേധത്തിനിടെ കാശ്മീർ താഴ്‌വരയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചതായി മാലിക് സമ്മതിച്ചു. വൻ അപകടങ്ങൾ ഒഴിവാക്കാനായിരുന്നു ഇതെന്നാണു വിശദീകരണം നൽകിയത്. രാഷ്ട്രീയ നേതാക്കളുടെ തടങ്കലിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അതിൽ വിഷമിക്കേണ്ടെന്നും അവരുടെ രാഷ്ട്രീയ ഭാവിക്ക് അത് ഗുണം ചെയ്യുമെന്നുമാണ് മാലിക് മറുപടി പറഞ്ഞത്. എത്ര നാൾ അധികം അവർ തടങ്കലിൽ കഴിയുന്നോ, അത്രയും വോട്ടുകൾ അവർക്ക് അധികം ലഭിക്കുമെന്നും അവർക്ക് ഈ അവസരം വേണ്ടവിധം ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മാലിക് പറഞ്ഞു.