teenager

ന്യൂയോർക്ക്: ഓൺലൈനിൽ പരിചയപ്പെട്ട ആളെ കണ്ടുമുട്ടാൻ കൗമാരക്കാരി പറന്നത് ലണ്ടനിലേക്ക്. അമേരിക്കയിലെ ന്യൂയോർക്കിൽ താമസിക്കുന്ന വിക്ടോറിയ ഗ്രബൗസ്‌കിയാണ് തന്റെ അച്ഛന്റെ പ്രായമുള്ള പുരുഷനെ കാണുന്നതിനായി ന്യൂയോർക്കിലെ ജെ.എഫ്.കെ എയർപോർട്ടിൽ നിന്നും മാതാപിതാക്കൾ അറിയാതെ ലണ്ടനിലേക്കുള്ള വിമാനം കയറിയത്. ഡോളർ ഉപയോഗിച്ചാണ് വിക്ടോറിയ തന്റെ വിമാന ടിക്കറ്റിനുള്ള പണം അടച്ചിരിക്കുന്നത്. ഈ പണം പെൺകുട്ടിക്ക് എവിടെ നിന്നുമാണ് കിട്ടിയതെന്ന് മാതാപിതാക്കൾക്കും അറിയില്ല.

വിക്ടോറിയയെ കാണാതായെന്ന് കാണിച്ച് ഇവർ ന്യൂ യോർക്ക് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പൊലീസാണ് വിക്ടോറിയ ലണ്ടനിലേക്ക് ടിക്കറ്റ് എടുത്തതായി കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ന്യൂ യോർക്കിൽ നിന്നും പുറപ്പെട്ട വിക്ടോറിയ തിങ്കളാഴ്ച പുലർച്ചെ ലണ്ടനിൽ എത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യു.കെ പൊലീസുമായി ബന്ധപ്പെടാൻ ഒരുങ്ങുകയാണ് അമേരിക്കൻ പൊലീസ്. അമേരിക്കയിൽ കഴിഞ്ഞിരുന്ന വിക്ടോറിയ പോളിഷ്‌ പൗരത്വമുള്ളയാളാണ്. പെൺകുട്ടി തന്റെ പോളിഷ് പാസ്പോർട്ട് ഉപയോഗിച്ചാണ് വിമാനത്തിൽ കയറി പറ്റിയതെന്നാണ് അറിയാൻ കഴിയുന്നത്.

ന്യൂയോർക്കിലെ ക്വീൻസിലുള്ള മാസ്‌ബെത്തിലെ സ്വന്തം വീടിന്റെ മുന്നിലാണ് വിക്ടോറിയയെ അവസാനമായി കാണുന്നത്. ഏതാനും നാളുകളായി വിക്ടോറിയ ലണ്ടനിലുള്ള ഒരു പ്രായമുള്ള മനുഷ്യനുമായി വിക്ടോറിയ ടെക്സ്റ്റ് മെസേജുകൾ കൈമാറിയതായി പെൺകുട്ടിയുടെ മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടു. വിക്ടോറിയ അയച്ച ടെക്സ്റ്റ് മെസേജുകളിലെ വിവരങ്ങൾ അനുസരിച്ച് ലണ്ടൻ ജീവിതത്തിൽ ആകൃഷ്ടയായാണ് വിക്ടോറിയ അങ്ങോട്ടേക്ക് പുറപ്പെട്ടത്.