കോഴിക്കോട്: യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന എസ്.ഐ അറസ്റ്റിലായി. കോഴിക്കോട് കൊയിലാണ്ടി എ.ആർ ക്യാമ്പ് എസ്.ഐ ജി എസ് അനിലാണ് അറസ്റ്റിലായത്. ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് നൽകിയതായി റൂറൽ എസ്.പി അറിയിച്ചു.
ഭർത്താവുമായി അകൽച്ചയിൽ കഴിയുന്ന പയ്യോളി സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിലാണ് എസ്.ഐ ജി.എസ് അനിൽ അറസ്റ്റിലായത്. കൊയിലാണ്ടിക്കടുത്ത ചിങ്ങപുരത്ത് വച്ച് പയ്യോളി സി.ഐയുടെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം കൊയിലാണ്ടി ടൗണിൽ വച്ച് ഇയാൾ യുവതിയെ മർദ്ദിക്കുന്നത് കണ്ട നാട്ടുകാർ പിങ്ക് പൊലീസിനെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.
രണ്ട് വർഷം മുമ്പ് പയ്യോളി സ്റ്റേഷനിൽ എസ്.ഐയെ ആയിരിക്കെ ഒരു പരാതിയുമായി എത്തിയ യുവതിയുമായി അനിൽ പരിചയം സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി പീഡനം നടത്തുകയായിരുന്നെന്ന് യുവതി പറയുന്നു.
പിഡനശേഷം യുവതിയുടെ മൊബൈൽ ഫോൺ തട്ടിയടുക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. അനിലിനെതിരെ ബലാത്സംഗം, മർദ്ദനം, തട്ടിക്കൊണ്ട് പോകൽ, പിടിച്ചുപറി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.