indian-train

ന്യൂഡൽഹി: പിഴയിനത്തിൽ കിട്ടിയ പണത്തിൽ സർവ്വകാല റെക്കോർഡിട്ട് ഇന്ത്യൻ റെയിൽവേ. 1377 കോടി രൂപയാണ് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ടിക്കറ്റെടുക്കാത്ത യാത്രക്കാർ ഇന്ത്യൻ റെയിൽവേയുടെ കൈവശം എത്തിച്ച് കൊടുത്തത്. 2016 മുതലാണ് ഇന്ത്യൻ റെയിൽവേയ്ക്ക് പിഴയായി ലഭിക്കുന്ന പണത്തിൽ വൻതോതിൽ ഉയർച്ചയുണ്ടാകുന്നത്. പിഴയായ് ലഭിക്കുന്ന പണത്തിൽ 31 ശതമാനം ഉയർച്ചയാണ് 2016ൽ റെയിൽവേയ്ക്ക് ഉണ്ടാകുന്നത്. ക്രമേണ 2019 വരെയുള്ള കാലഘട്ടത്തിൽ ഇത് 1377 കോടിയിലേക്ക് എത്തുകയായിരുന്നു. മദ്ധ്യപ്രദേശിലെ ഒരു സാമൂഹിക പ്രവർത്തകൻ നൽകിയ വിവരവകാശത്തിലാണ് ഇക്കാര്യം പുറത്തുവരുന്നത്.

ഇക്കാര്യത്തിൽ കുറ്റപ്പെടുത്തേണ്ടത് ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാരെ തന്നെയാണ്. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ പത്തു മാസത്തിനുളിൽ തന്നെ ടിക്കറ്റെടുക്കാത്തതിന് റെയിൽവേ പിടികൂടിയത് 89 ലക്ഷം പേരെയാണ്. ഇസ്രയേൽ, സ്വിറ്റ്സർലന്റ്‌, സിങ്കപ്പൂർ ഇനീ രാജ്യങ്ങളുടെ ജനസംഖ്യയെക്കാൾ വലുതാണ് ട്രെയിനിൽ ടിക്കറ്റ് എടുക്കാത്തവരുടെ എണ്ണം. 2016-17 കാലഘട്ടത്തിൽ പിഴയിനത്തിൽ റെയിൽവേക്ക് ലഭിച്ചത് 405.30 കോടിയാണ്. 2017-18ൽ ഇത് 441.62 കോടി രൂപയായി ഉയർന്നു. 2018-19ൽ ഇത് 530.06 കോടി രൂപയായി മാറി.

ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർ ടിക്കറ്റ് തുകയ്ക്ക് പുറമെ 250 രൂപയാണ് നൽകേണ്ടത്. ഇത് നൽകാൻ യാത്രക്കാരൻ വിസമ്മതിച്ചാൽ ഇയാളെ റെയിൽവേ പൊലീസിനെ ഏൽപ്പിക്കും. റെയിൽവേ നിയമത്തിലെ സെക്ഷൻ 137 പ്രകാരം ഇയാൾക്കെതിരെ റെയിൽവേ പൊലീസ് കേസും എടുക്കും. ഇതിന് ശേഷം മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കുമ്പോൾ ഇയാൾക്ക് 1000 രൂപ മജിസ്‌ട്രേറ്റ് പിഴ ചുമത്തുകയാണ് ചെയ്യുക. ഇതും നൽകാൻ ഇയാൾ തയാറായില്ലെങ്കിൽ ആറുമാസത്തെ ജയിൽശിക്ഷ അനുഭവിക്കേണ്ടതായും വരും.