caoture

ലബനീസ് നോവലിസ്റ്റും ഫെമിനിസ്റ്റ് ചിന്തകയും സാമൂഹ്യപ്രവർത്തകയുമായ ഹനാൻ അൽ-ഷെയ്ഖിന്റെ ഏറ്റവും പുതിയ നോവലാണ് 'ദ ഒക്കേഷണൽ വിർജിൻ. നാലു വർഷം നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തിന്റെ കാലത്ത് ലബനനിൽ നിന്ന് പതിനായിരകണക്കിന് പേരാണ് വിവിധ യൂറോപ്യൻ നാടുകളിലേക്ക് പലായനം ചെയ്തത്. ഇങ്ങനെ പലായനം ചെയ്ത രണ്ട് യുവതികളുടെ കഥയാണ് ഹനാൻ അൽ ഷെയ്ഖ് തന്റെ പുതിയ നോവലിൽ പറയുന്നത്. അറബ് രാഷ്ട്രങ്ങളിൽനിന്നു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മികച്ച നോവലുകളിലൊന്നാണ് 'ദ ഒക്കേഷണൽ വെർജിൻ.'

'സ്റ്റോറി ഓഫ് സഹ്റ', 'വിമൻ ഓഫ് സാൻഡ് ആൻഡ് മീർ ' എന്നീ നോവലുകളിലൂടെ ഏറെ പ്രശസ്തയായ നോവലിസ്റ്റാണ് ഹനാൻ അൽ-ഷെയ്ഖ്. സ്ത്രീകളുടെ അടിച്ചമർത്തപ്പെട്ട ലൈംഗിക വികാരങ്ങളെ മറയില്ലാതെ തുറന്നെഴുതിയതിലൂടെ വിവാദ നായികയായ എഴുത്തുകാരിയാണ് ഹനാൻ. 2011ൽ പ്രസിദ്ധീകരിച്ച ആയിരത്തൊന്നു രാവുകളുടെ പുനരാഖ്യാനം അറബ് സാഹിത്യരംഗത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു.


2003ൽ ബെയ്‌റൂട്ടിൽ പ്രസിദ്ധീകരിച്ച 'ടു വിമൻ ബൈ ദ സീ' എന്ന ലഘുനോവലിന്റെ വികസിത രൂപമാണ് 'ദ ഒക്കേഷണൽ വിർജിൻ ' എന്ന നോവൽ.

ലബനനിലെ ഹൈഡ് പാർക്കിൽ തനിക്ക് ഉണ്ടായ അനുഭവമാണ് നോവലെഴുതാൻ ഹനാന് പ്രചോദനമായത്. ഹുദ,​ യിവോനി എന്നീ യുവതികളാണ് നോവലിനലെ കേന്ദ്രകഥാപാത്രങ്ങൾ.

രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഒക്കേഷണൽ വെർജിന്റെ ആദ്യഭാഗത്ത് കേന്ദ്ര കഥാപാത്രങ്ങളായ ഹുദയുടേയും ലിവോനിയുടേയും ഇറ്റാലിയൻ കടൽത്തീരത്തെ സൗഹൃദങ്ങളാണ് വിവരിക്കുന്നത്. രണ്ടു കഥാപാത്രങ്ങളുടേയും ലെബനോണിലെ ജീവിതവും വിവരിക്കുന്നുണ്ട്. യിവോനി ക്രിസ്ത്യനും ഹുദ മുസ്ലിമുമായിരുന്നു. തികഞ്ഞ യാഥാസ്ഥിതികരായിരുന്നു ഹുദയുടെ കുടുംബം. അവൾക്ക് മറ്റു കൂട്ടുകാരോടൊപ്പം പുറത്തുപോകുന്നതിനോ കടലിൽ കുളിക്കുന്നതിനോ ഒന്നും അനുവാദമുണ്ടായിരുന്നില്ല.

കൗമാരപ്രായത്തിലെത്തിയ ഹുദ എന്തിനേയും ചോദ്യം ചെയ്യുന്ന പ്രകൃതക്കാരിയായിരുന്നു കടുത്ത നിയന്ത്രണങ്ങളുണ്ടായിട്ടും ഒരിക്കൽ അവൾ കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കാൻ പോയിരുന്നു. ഇക്കാര്യം പക്ഷേ വീട്ടിലറിഞ്ഞപ്പോൾ കനത്ത ശിക്ഷയാണ് അവൾക്കതിനു കിട്ടിയത്. ഇറ്റലിയിലെ കടൽത്തീരത്തിരുന്ന് ഇക്കാര്യം ഓര്‍ക്കുന്ന ഹുദയ്ക്കു തന്റെ ശരീരമാസകലം വേദനിക്കുന്നതായി അനുഭവപ്പെട്ടു. അല്പം അശ്ലീലച്ചുവയുള്ള കളിയിലേർപ്പെട്ടതിന് മാതാവ് തന്റെ ഗുഹ്യഭാഗങ്ങളിലും വായിലും കുരുമുളക് അരച്ചുതേച്ചതിന്റെ നീറ്റൽ പിന്നീട് പലരുമായും ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോഴൊക്കെ ആവർത്തിക്കാറുള്ളത് ഹുദ കടൽതീരത്തിരുന്ന് ഓർക്കുന്നുണ്ട്.

ആഭ്യന്തര യുദ്ധകാലത്ത് പഠനാർത്ഥം കാനഡയിൽ പോകാൻ ഏറെ നിർബ്ബന്ധം പിടിച്ചത് ഹുദയാണ്. പിതാവിന്റെ കടുത്ത എതിർപ്പുണ്ടായിരുന്നുവെങ്കിലും മാതാവ് അവളെ പിന്തുണച്ചു. കാനഡയിലെത്തിയ ഹുദ വർഷങ്ങൾക്ക് ശേഷം മികച്ച ഒരു നാടക സംവിധായികയായിത്തീരുകയായിരുന്നു.

ഇപ്പോൾ മദ്ധ്യവയസിന്റെ പാതയിലാണ് ഹുദയും യിവോനിയും. പക്ഷേ ഇരുവരും അവിവാഹിതകളായി തുടരുകയാണ്. ലണ്ടനിൽ ഒരു പരസ്യക്കമ്പനി നടത്തിയിരുന്ന യിവോനിക്കു നിരവധി പുരുഷ സുഹൃത്തുക്കളുണ്ടായിരുന്നു. അവരിൽ പലരുമായും അവൾക്ക് ബന്ധമുണ്ടായിരുന്നെങ്കിലും ആരെയും ഭർത്താവായി സ്വീകരിക്കാൻ അവൾ ഒരുക്കമല്ലായിരുന്നു,​ ഇപ്പോൾ 39-ാം വയസിലെത്തിയ അവൾക്ക് തനിക്കു ഭർത്താവും കുഞ്ഞുങ്ങളും വേണമെന്ന ആഗ്രഹം തീവ്രമായി ഉണ്ടായിരുന്നു. ഇറ്റലിയിൽ നിന്ന് ആരെയെങ്കിലും കണ്ടുപിടിക്കാമെന്ന മോഹത്തോടെയാണ് അവൾ കടൽത്തീരത്തെത്തിയത്. ഹുദയുംഅത്തരമൊരു രഹസ്യമോഹം ഉള്ളിൽ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു,​

കടൽതീരത്ത് കുളിക്കാനെത്തിയ യുവാക്കളുമായി പരിചയപ്പെട്ട യിവോനി ലൗസിയോ എന്ന ചെറുപ്പക്കാരനുമായി പെട്ടെന്നടുത്തു. അയാളെ തന്റെ മുറിയിലേക്കു കൊണ്ടുപോയി ലൈംഗികബന്ധത്തിലേർപ്പെടണമെന്നായിരുന്നു അവളുടെ ചിന്ത. അവനുമായുള്ള ബന്ധം അവൾക്കിഷ്ടമായെങ്കിലും വിവാഹത്തിന് അവൾക്ക് അശേഷം താത്പര്യമില്ലായിരുന്നു.

റോബർട്ടോ എന്ന തോട്ടക്കാരനുമായി പരിചയപ്പെട്ട ഹുദ പരിചയപ്പെട്ട നാലുദിവസം അയാളുമായി അവിടെ കഴിഞ്ഞു. ഇതിനിടെ പല പ്രാവശ്യം അവൾ റോബർട്ടോയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു.തങ്ങളുടെ ഇറ്റലി സന്ദർശനംകൊണ്ട് ഭർത്താക്കന്മാരെ കണ്ടെത്താനായില്ലെങ്കിലും സന്തുഷ്ടരായാണ് ഹുദയും യിവോനിയും മടങ്ങിയത്.

സ്ത്രീ-പുരുഷ ബന്ധങ്ങളിലെ നൈമിഷികത വളരെ യാഥാർത്ഥ്യത്തോടെ ഹനാൻ അൽ-ഷെയ്ഖ് ചിത്രീകരിക്കുന്നു. ഒരു പെൺപുലിയെപ്പോലെ ലൂസിയോയുമായി രതിക്രീഡയിലേർപ്പെടുന്ന യിവോനിയെ ചീത്രീകരിക്കുന്ന ഭാഗം ഉദാഹരണം.

ഹുദ ലണ്ടനിലെത്തുന്നതോടെയാണ് നോവലിന്റെ രണ്ടാം ഭാഗം ആരംഭിക്കുന്നത്. ഹുദ എന്ന കഥാപാത്രത്തിനു മാത്രമാണ് രണ്ടാംഭാഗത്തിൽ പ്രാധാന്യമുള്ളത്.

ഒരു നാടകസംവിധായിക എന്ന നിലയിൽഹുദ ലോകപ്രശസ്തയായി തീർന്നിരുന്നു,​ തന്റെ പുതിയ നാടകമായ ആയിരത്തൊന്നു രാവുകളുടെ ലണ്ടൻ പ്രദർശനത്തിനു സൗകര്യമൊരുക്കാൻ ഒരു സ്പോൺസറെ അന്വേഷിച്ചാണ് അവൾ ലണ്ടനിലെത്തിയത്. ഹൈഡ് പാർക്കിലെ സ്പീക്കേഴ്സ് കോർണറിൽ ഒരു അറബി യുവാവ് ഇസ്ലാമിനെക്കുറിച്ചും പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കെ ഹുദയും യിവോനിയും അവിടെ എത്തി.

യുവാവിന്റെ പ്രസംഗം പ്രകോപനപരമായിരുന്നു, തെറ്റിദ്ധാരണാജനകവും. ഖുറാനേയും മുഹമ്മദ് നബിയേയും ഉദ്ധരിച്ചുകൊണ്ട് പറയുന്ന കാര്യങ്ങൾ ശരിയല്ലെന്ന് ഹുദ പറഞ്ഞു. യിവോനിയും കൂട്ടുകാരിക്കൊപ്പം സംസാരിച്ചു. അവൾ യുവാവിനെ ശക്തമായ ഭാഷയിൽത്തന്നെ വിമർശിച്ചു.

പിന്നീട് ഹിഷാം എന്ന യുവാവിനോട് പ്രതികാരം ചെയ്താൽ മാത്രമേ തന്നിലെ മുറിവേറ്റ സ്ത്രീത്വത്തിനു ശമനം കിട്ടുകയുള്ളൂവെന്ന് ഹുദ കരുതി. അവന്റെ ശ്രദ്ധയിൽപ്പെടാനായി മാത്രം അവൾ സ്പീക്കേർസ് കോർണറിൽ പോകാന്‍ തുടങ്ങി. പലപ്പോഴും പ്രകോപനപരമായ ചേഷ്ടകളിലൂടെ അവനെ തന്നിലേക്കാകർഷിക്കാൻ അവൾ ശ്രമിച്ചു.

ഈ ഘട്ടത്തിലാണ് യിവോനിയുടെ പരസ്യക്കമ്പനിയിൽ വച്ച് ചൈനയിൽനിന്നു വരുന്ന ഞാവൽപ്പഴങ്ങളുടെ പരസ്യം അവളുടെ ശ്രദ്ധയാകർഷിച്ചത്. കന്യകാത്വം നഷ്ടപ്പെട്ട സ്ത്രീകൾ വിവാഹരാത്രിയിൽ തങ്ങൾ കന്യകമാരാണെന്നു വരന്മാരെ ബോധ്യപ്പെടുത്താനായി മൂത്തുപഴുത്ത ഒരു പഴം തങ്ങളുടെ യോനിയിൽ തിരുകിവെക്കുമത്രെ. സംഭോഗസമയത്ത് ഈ പഴം പൊട്ടി തവിട്ടുകലർന്ന ചുവപ്പു നിറത്തിലുള്ള അതിന്റെ സത്ത് കിടക്കവിരിയിലും പുരുഷലിംഗത്തിലും പുരളും. ഇതോടെ പുരുഷന്‍ സംതൃപ്തനാവുകയും തന്റെ വധു കന്യക തന്നെയാണെന്നു വിശ്വസിക്കുകയും ചെയ്യുമെന്ന് യിവോനി ഹുദയ്ക്ക് പറഞ്ഞുകൊടുത്തു. ഇതുപയോഗിച്ച് ഹിഷാമിനെ കുടുക്കാമെന്നും അതുവഴി അവന്റെ അധിക്ഷേപങ്ങൾക്ക് മറുപടി നൽകാമെന്നും അവൾ കരുതി.

ഒരു കൂടിക്കാഴ്ചയിൽ വച്ച് താൻ വളരെ ക്ഷീണിതയാണെന്നും കൂട്ടുകാരി താമസസ്ഥലത്തില്ലെന്നും തന്നെ അല്പസമയം സംരക്ഷിക്കണമെന്നും ഹുദ അയാളോടപേക്ഷിച്ചു. ആദ്യം നിരസിച്ചെങ്കിലും ഒരു മുസ്ലിം സഹോദരിയെ സംരക്ഷിക്കേണ്ടതു തന്റെ കടമയാണെന്ന് അയാൾ പറഞ്ഞു. അയാൾ അവളെ തന്റെ മുറിയിലേക്കു കൊണ്ടുപോയി. ഹിഷാമിനെക്കുറിച്ചുള്ള യാഥാർത്ഥ്യം അവൾ അപ്പോഴാണ് മനസിലാക്കിയത്. അയാൾ ഒരു ഫ്ലാറ്റിൽ കാവൽക്കാരനായി ജോലി ചെയ്യുന്നുണ്ടെങ്കിലും യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ്. ഇസ്ലാം മതം പ്രചരിപ്പിക്കുക എന്നതാണ് തന്റെ കടമ. ഹുദ അയാളുടെ ഭാര്യയായി തീരുകയാണെങ്കിൽ തങ്ങള്‍ക്കു സന്തുഷ്ടമായ കുടുംബജീവിതം നയിക്കാം - അയാൾ പറഞ്ഞു. വിവാഹിതരാകുന്നതു വളരെ എളുപ്പമാണ്. വിശുദ്ധ ഖുറാനിൽ സ്പർശിച്ചുകൊണ്ട് നമുക്കു ഭാര്യാഭർത്താക്കന്മാരായി കഴിയാം എന്നു പറയുകയേ വേണ്ടൂ. പിന്നീട് ആചാരപ്രകാരം വിവാഹിതരാവുകയും ചെയ്യാം. ആദ്യം ഹുദ നിരസിച്ചെങ്കിലും അയാളോടുള്ള പ്രതികാര ദാഹം അവളെക്കൊണ്ട് അതിന് സമ്മതിപ്പിച്ചു. വൃത്തികെട്ട അയാളുടെ കുളിമുറിയിൽ കയറി അവൾ യിവോനി നൽകിയ ഞാവൽപ്പഴം തന്റെ യോനിയിൽ തിരുകി.


മുക്കാലും നഗ്‌നയായാണ് അവൾകുളിമുറിയിൽനിന്നു പുറത്തുകടന്നത്. ആദ്യമൊക്കെ അല്പം മടിച്ചെങ്കിലും ഹിഷാം അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകതന്നെ ചെയ്തു. അവളിൽനിന്നു വിട്ടുമാറി എഴുന്നേറ്റപ്പോഴാണ് തന്റെ ലിംഗത്തിലെ ചുവപ്പുനിറം അയാൾ കാണുന്നത്. അവൾക്ക് ആർത്തവകാലമാണെന്നാണ് അയാൾ ധരിച്ചത്. എന്നാൽ കിടക്കവിരിയിലെ തവിട്ടു കലർന്ന ചുവപ്പുനിറം ഹുദ കാണിച്ചുകൊടുക്കുകയും താൻ കന്യകയാണെന്നു പറയുകയും ചെയ്തു. ഇതോടെ ഹിഷാം പശ്ചാത്താപ വിവശനാകുകയും അവളെ സമാധാനിപ്പിക്കുകയും ചെയ്തു. തന്റെ പ്രതികാരം പൂർത്തിയായി എന്നും അയാളുടെ പുരുഷത്വത്തിനു കനത്ത പ്രഹരമാണ് താൻ നൽകിയതെന്നും അവൾ വിശ്വസിച്ചു.

തുടർന്ന് ഹിഷാമിൽനിന്നു രക്ഷപ്പെടാനായി ഹുദയുടെ ശ്രമം. ഭക്ഷണം കഴിക്കാൻ ഒന്നിച്ചു പുറത്തിറങ്ങിയ അവളോട് ഒരു ശിരോവസ്ത്രമെങ്കിലും ധരിക്കണമെന്ന് ഹിഷാം അഭ്യർത്ഥിച്ചു. തുടർന്ന് മൊറോക്കൻ, ലബനീസ് വംശജർ തിങ്ങിപ്പാർക്കുന്ന ഒരിടത്തേക്ക് അവർ പോയി.

ഒരുവിധത്തിൽ രക്ഷപ്പെട്ട ഹുദ യിവോനിയുടെ ഫ്ലാറ്റിലെത്തി കഥകൾമുഴുവന്‍ അവളോട് പറഞ്ഞു. ഹുദയ്ക്കു മറ്റൊരു താമസസ്ഥലം കണ്ടെത്താൻ അവർ തീരുമാനിച്ചു. കാരണം ഹിഷാം അവിടെ വരികയും അവളെ അന്വേഷിക്കുകയും ചെയ്യുമെന്ന് ഹുദ പറഞ്ഞു. ഹുദയെ അന്വേഷിച്ച് ഹിഷാം ആദ്യം യിവോനിയുടെ ഓഫീസിലും പിന്നീട് ഫ്ലാറ്റിലുമെത്തി. എന്നാൽ ഹിഷാമിനെ യിവോനി തന്റെ ശരീരം കാണിച്ച് പ്രകോപിപ്പിച്ച് അയാളുമായി സംഭോഗത്തിലേർപ്പെടുകയും ചെയ്തു. അടുത്ത ദിവസം കാണാമെന്നു പറഞ്ഞ് അയാൾ പുറത്തുകടന്ന ഉടൻതന്നെ യിവോനി എല്ലാ വിവരങ്ങളും ഹുദയെ അറിയിച്ചു.

ഹുദ ലോകത്തോടുള്ള തന്റെ പ്രതികാരത്തിനും സ്വന്തം ശരീരത്തിന്റെ ആനന്ദത്തിനും വേണ്ടിയാണ് ഹിഷാമിനോട് ബന്ധപ്പെട്ടതെങ്കിൽ യിവോനി തനിക്ക് ഒരു കുഞ്ഞു വേണം എന്ന ആഗ്രഹത്തോടെയാണ് അയാളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. ''നാളെ കാണാം'' എന്നു പിറുപിറുത്ത് കന്യാമാതാവിന്റെ ചിത്രത്തിലേക്കു നോക്കി പുതപ്പിനടിയിലേക്കു നുഴഞ്ഞുകയറുന്ന യിവോനിയെ ചിത്രീകരിച്ചുകൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്.

കാതറീൻ കോബ്ഹാം ആണ് ഈ നോവൽഅറബിയിൽനിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്.