ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ മരണഭയത്തിൽ കഴിയുകയാണ് പാകിസ്ഥാനി ജനത. അണുബോംബ് വീണാൽ എന്താണ് ചെയ്യണ്ടതെന്ന് ഗൂഗിളിൽ തിരയുന്നവരുടെ കൂട്ടത്തിൽ ഒന്നാമത് നിൽക്കുന്നത് പാകിസ്ഥാനികളാണ്. കഴിഞ്ഞ 12 മാസത്തെ കണക്കനുസരിച്ചാണ് പാകിസ്ഥാൻ ഈ പ്രത്യേക വിഷയത്തിൽ തിരയുന്നതിൽ ഒന്നാമതെത്തിയത്. സെർച്ചിങ്ങിൽ 100 പോയിന്റാണ് പാകിസ്ഥാന് ലഭിച്ചത്. ഇതേ കാര്യം തിരയുന്നതിൽ രണ്ടാമത് നിൽക്കുന്ന രാജ്യം ഫിലിപ്പീൻസാണ്.
ഈ രാജ്യത്തിന് 18 പോയിന്റാണുള്ളത്. ചുരുക്കി പറഞ്ഞാൽ ലോകത്തിൽ അണുബോംബിനെ ഏറ്റവും കൂടുതൽ പേടിക്കുന്നത് പാകിസ്ഥാനാണെന്ന് അർത്ഥം. 2019 മേയ് അഞ്ചിനാണ് ഇക്കാര്യം സെർച്ച് ചെയ്തുകൊണ്ട് പാകിസ്ഥാൻ ഗൂഗിളിൽ സജീവമാകുന്നത്. ആഗസ്റ്റ് നാലിന് 'അണുബോംബ് വീണാൽ എന്താണ് ചെയ്യേണ്ടത്?" എന്ന് ഗൂഗിളിൽ തിരഞ്ഞ പാകിസ്ഥാനികളുടെ എണ്ണം കുത്തനെ കൂടി.
സത്യത്തിൽ അണുബോംബിൽ നിന്നും രക്ഷപെടാൻ സാധിക്കില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ഭൂഗർഭ അറകളിൽ ഒളിക്കുക എന്നത് മാത്രമാണ് ഇതിനുള്ള ഏക മാർഗം. കെട്ടിടങ്ങൾക്കും വീടുകൾക്കും അണുബോംബിന്റെ ദോഷഫലങ്ങൾ തടയാൻ യാതൊരു ശേഷിയുമില്ല. അണുബോംബ് വീണുകഴിഞ്ഞാൽ അതിന്റെ പ്രഹര പരിധിയിൽ ഉള്ള പതിനായിരങ്ങളാണ് നിമിഷനേരം കൊണ്ട് മരണപ്പെടുക.
അതുമാത്രമല്ല ആണവ വികിരണങ്ങൾ കൊണ്ടുള്ള ജനിതക തകരാറുകളിൽ നിന്നും രോഗങ്ങളിൽ നിന്നും നിരവധി പേർ കൊല്ലപ്പെടാം. അതിൽ നിന്നും രക്ഷപ്പെടുന്നവർക്കാകട്ടെ ജനിതക വൈകല്യങ്ങൾ സംഭവിച്ച് ബാക്കിയുള്ള ജീവിതം നരകതുല്യമായി മാറുകയും ചെയ്യും.