ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ തന്നെ ആദ്യ വനിതാ ഫ്ലൈറ്റ് കമാൻഡറായി ചുമതലയേറ്റ് ഷാലിസ ധാമി. വ്യോമ സേനയുടെ ഫ്‌ളൈയിങ് യൂണിറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പദവിയാണ് ഫ്ലൈറ്റ് കമാൻഡർ. ആറ് പേരെ വഹിക്കുന്ന, 500 കിലോഗ്രാം ശേഷിയുള്ള സേനയുടെ ചെറു ഹെലികോപ്റ്റർ ചേതക്കിനെ നിയന്ത്രിക്കാനുള്ള അധികാരം ഇനി ഷാലിസയ്ക്ക് സ്വന്തം. രക്ഷാ ദൗത്യങ്ങൾക്കാണ് പ്രധാനമായും ഈ ഹെലികോപ്ടർ ഉപയോഗിക്കുന്നത്.
മണിക്കൂറിൽ 220 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ചേതക്കിന് കഴിയും. ഉത്തർപ്രദേശിലെ ഹിന്തോൺ എയർബേസിലെ ചേതക് ഹെലികോപ്റ്റർ യൂണിറ്റിലാണ് ഷാലിസ നിയമിതയായത്. കഴിഞ്ഞ 15 വർഷമായി വ്യോമസേനയിൽ സേവനം അനുഷ്ഠിക്കുന്ന ഷാലിസ വ്യോമസേനയിലെ ആദ്യ വനിതാ ഫ്‌ളൈയിങ് ഇൻസ്ട്രക്ടറും ഫ്‌ളൈയിങ് ബ്രാഞ്ചിൽ പെർമനന്റ് കമ്മീഷനിൽ പ്രവേശിക്കുന്ന ആദ്യ വനിതയുമാണ്.
ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പൈലറ്റ് ആകണമെന്ന് ആഗ്രഹിച്ചയാളാണ് ഷാലിസ. പഞ്ചാബിലെ ലുധിയാനയിൽ സർക്കാർ ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ മകളായാണ് ഷാലിസ ജനിക്കുന്നത്. 2003ൽ ഹൈദരാബാദിലെ പരിശീലനം ചെയ്യുന്ന സമയത്ത് ആദ്യമായി ട്രെയ്നർ എയർക്രാഫ്റ്റുമായി പറന്നുയർന്ന ഷാലിസ 2017ൽ വ്യോമസേനയിലെ ആദ്യ വനിതാ ഫ്‌ളൈയിങ് ഇൻസ്ട്രക്ടറായി സ്ഥാനമേറ്റു.