തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ കൈയെെത്തും ദൂരത്ത് സ്ഥിതി ചെയ്യുന്ന വെള്ളായണിയിൽ വൻ വികസനത്തിന് വേദിയൊരുങ്ങുന്നു. കായൽ കേന്ദ്രമാക്കി ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 100 കോടിയുടെ വൻ വികസന, അടിസ്ഥാന സൗകര്യ പദ്ധതികളാണ് നടപ്പാക്കുക. നഗരത്തിൽ നിന്ന് 17 കിലോമീറ്റർ മാത്രം അകലമുള്ള വെള്ളായണിയുടെ മണ്ണിനെ, കായലിനെ, അവിടത്തെ പക്ഷിജാലത്തെ, കൃഷിയെ, ജനങ്ങളെ എല്ലാം മനസിലാക്കിക്കൊണ്ടുള്ള പദ്ധതി. പണം കിഫ്ബി നൽകും. ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജലകായലായ വെള്ളായണിയെ കൂടുതൽ ശുദ്ധമാക്കി സംരക്ഷിച്ചുകൊണ്ടാകും വികസന പദ്ധതി നടപ്പിലാക്കുക. കായൽ ഇപ്പോൾ മൂന്നു ഭാഗമായി മുറിഞ്ഞു കിടക്കുകയാണ്. വെണ്ണിയൂർ മുതൽ വവ്വാമൂല-കടവിൻമൂല വരെയുള്ള ഭാഗം, കടവിൻമൂല-കാക്കാമൂല ഭാഗം, കാക്കാമൂല- പുഞ്ചക്കരി ഭാഗം. കായലിന് പുറത്തു കൂടി കടന്നു പോകുന്ന കാക്കാമൂലയിലെയും കടവിൻമൂലയിലെയും റോഡുകളാണ് കായലിനെ മൂന്നാക്കുന്നത്. ഈ വിഭജനത്തെ ഇല്ലാതാക്കാനായി ഈ രണ്ടു റോഡുകളും മാറ്റി പാലങ്ങൾ പണിതുകൊണ്ടാകും വികസന കുതിപ്പിന് വഴിയൊരുക്കുക. രണ്ടിടത്തും റോഡുകളില്ലാതായാൽ വെണ്ണിയൂർ മുതൽ പുഞ്ചക്കരി വരെ ഏഴു കിലോമീറ്റർ നീളത്തിൽ കായൽ സ്വതന്ത്രമായി കിടക്കും. രണ്ടറ്റത്തെയും ബന്ധിപ്പിച്ചുകൊണ്ട് ഉല്ലാസ ബോട്ട് സവാരി തുടങ്ങുകയാണ് അടുത്തഘട്ടം.
ഇപ്പോൾ വെള്ളയാണി കായൽഭംഗി ആസ്വദിക്കുന്നതിനു വേണ്ടി നഗരത്തിൽ നിന്നു ധാരാളം പേർ കടവിൻമൂല, കാക്കാമൂല ഭാഗങ്ങളിലെത്താറുണ്ട്. കടവിൻമൂലയിൽ തണൽ മരങ്ങളും ഇരുന്ന് കാഴ്ചകൾ ആസ്വദിക്കുന്നതിനായി ഇരിപ്പിടങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ട്. വെങ്ങാനൂർ ഗ്രാമപഞ്ചായത്താണ് ഈ സൗകര്യങ്ങളൊരുക്കിയത്. രാവിലെ എത്തിയാൽ ദേശാടനപ്പക്ഷികളെ കാണാനും കഴിയും. പക്ഷിനിരീക്ഷകർ ധാരാളമായി എത്തിച്ചേരുന്ന പ്രദേശം കൂടിയാണിവിടം.കായലിനെ മൂടിക്കിടക്കുന്ന പായലുകൾ നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുകയാണിപ്പോൾ. ശേഷം ജലസേചന വകുപ്പ് മണ്ണും ചെളിയും ഒന്നര മീറ്റർ ആഴത്തിൽ നീക്കം ചെയ്യും. ഇങ്ങനെ നീക്കുന്ന ചെളി ഉപയോഗിച്ച് കായലിനു ചുറ്റും ബണ്ട് നിർമ്മിക്കും. ഈ ബണ്ടിനെ പിന്നീട് സൈക്കിൾ പാതയാക്കി മാറ്റും. പിന്നെ വ്യായാമത്തിനും ഉല്ലാസ യാത്രയ്ക്കുമായി ഈ സൈക്കിൾ പാത ഉപയോഗിക്കാം.
200 ഏക്കർ ഏറ്റെടുക്കും
വെള്ളായണിക്കായൽ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതോടൊപ്പം 200 ഏക്കർ സ്വകാര്യഭൂമി കൂടി ഏറ്റെടുക്കാനും പദ്ധതിയുണ്ട്. നേരത്തേ നെൽവയലായിരുന്ന ഇവിടെ കഴിഞ്ഞ 25 വർഷമായി കായൽ കയറി കിടക്കുകയാണ്. ഇവിടത്തെ കർഷകരുടെ പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ടൂറിസം വികസന പദ്ധതിക്കൊപ്പം ഭൂമിക്ക് ന്യായമായ വില നിൽകി ഏറ്റെടുത്താൽ ദീർഘകാലമായ ഒരു പ്രശ്നത്തിന് കൂടി പരിഹാരമാകും.
പായൽ നീക്കം കഠിനം
കായൽ ശുദ്ധീകരിക്കുന്നതിന് പിന്നിൽ സ്വസ്തി എന്ന സംഘടനയാണ്. പക്ഷേ, വവ്വാമൂല ഭാഗത്തെ പായൽ നീക്കാനായി രംഗത്തിറങ്ങിയവർക്ക് 70 ദിവസം പണിയെടുത്തിട്ടും കഴിഞ്ഞില്ല. അത്രത്തോളം പായലുണ്ടായിരുന്നു നീക്കം ചെയ്യാൻ. മേയ് 28നാണ് പായൽ നീക്കാൻ തുടങ്ങിയത്. ഇതുവരെ 3,800 ലോഡ് ആഫ്രിക്കൻ പായലാണ് നീക്കം ചെയ്തത്. ഇപ്പോഴും 25% മാത്രമെ നീക്കം ചെയ്യാനായുള്ളൂ. നാലുമാസത്തോളമെടുത്ത് മുഴുവൻ പായലും നീക്കം ചെയ്യുമെന്ന് സ്വസ്തി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അബി ജോർജ് പറഞ്ഞു. ശേഷം കായൽജലം നേരിട്ട് കോരിക്കുടിക്കാനാകുന്ന വിധത്തിൽ ശുദ്ധീകരിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണ സംഘടനയായ നീർത്തടാകമാണ് സ്വസ്തിക്ക് പ്രാദേശികമായ എല്ലാ സഹായവും നൽകുന്നത്.
വെള്ളായണി കായലിന്റെ മുഖമായി മംമ്ത മോഹൻദാസ്
വെള്ളായണി കായൽ സുന്ദരമാക്കുന്ന പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ അഭിനേത്രി മംമ്താ മോഹൻദാസാണ്. സ്വസ്തിയുടെ ട്രസ്റ്റി കൂടിയായ മംമ്തയെ വെള്ളായണി കായലിന്റെ മുഖമായി അവതരിപ്പിക്കും.
ഓണം വാരാഘോഷത്തിന് ഇത്തവണ വെള്ളായണിയും
ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന് വേദിയായി ഈ വർഷം വെള്ളായണിയെയും തിരഞ്ഞെടുത്തു. പ്രദേശത്തെ ജനപ്രതിനിധികളുടെ വളരെക്കാലമായുള്ള ആവശ്യമായിരുന്നു ഇത്. അവിട്ടം നാളിൽ നടക്കുന്ന അയ്യങ്കാളി ജലോത്സവം മാത്രമായിരുന്നു വെള്ളായണിയിലെ ഏക ഓണാഘോഷം. കായലിനോടു ചേർന്നാകും ഓണാഘോഷ വേദിയൊരുക്കുക.