നേമം: വെള്ളായണി കായലിലെ മത്സ്യസമ്പത്ത് അനുദിനം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തി. ഇതിന്റെ ഭാഗമായി കാക്കാമൂല കടവിൽ ഒരു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ചടങ്ങ് കഴിഞ്ഞ ദിവസം കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കിരൺകുമാർ അദ്ധ്യക്ഷത വഹിച്ചു. കല്ലിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പത്മകുമാർ, എസ്. ജയന്തി, ഷൈലജ, സുരേഷ്ബാബു തുടങ്ങിയവർ സംബന്ധിച്ചു.
ആന്ധ്രയിൽ നിന്നെത്തിച്ച കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇവിടെ നിക്ഷേപിച്ചത്. കാക്കാമൂല കടവ് കൂടാതെ കുളങ്ങര കടവ്, കടവിൻമൂല കടവ് എന്നീ ഭാഗങ്ങളിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കഴിഞ്ഞ സീസണിൽ നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങളുടെ വിളവെടുപ്പ് നടത്തിയപ്പോൾ 10 മുതൽ 13 കിലോയോളം മത്സ്യങ്ങളാണ് ലഭിച്ചത്.
വില്പനയ്ക്കായി ഔട്ട്ലെറ്റും
വിവിധ ഇനത്തിൽപ്പെട്ട നൂറോളം തരം മത്സ്യങ്ങൾ വെള്ളായണി കായലിലുണ്ടെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇതിൽ 45 ഓളം ഇനങ്ങളെ മത്സ്യത്തൊഴിലാളികൾ കായലിൽ നിന്നു പിടിച്ച് വില്പന നടത്തുന്നുണ്ട്. വില്പനയ്ക്കായി കാക്കാമൂലയിൽ 'വെള്ളായണി കായൽ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം" എന്ന സംഘടനയുടെ കീഴിൽ ഒരു ഔട്ട്ലെറ്റും പ്രവർത്തിച്ചു വരുന്നു.
വില്ലനായി കുളവാഴ
കുളവാഴകളുടെ അതിപ്രസരം മൂലം കായലിലെ വെള്ളത്തിലുണ്ടായ വ്യതിയാനങ്ങളാണ് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിച്ചതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കായലിനോട് ചേർന്നുള്ള കൃഷിയിടങ്ങളിൽ പച്ചക്കറികൾക്ക് തളിക്കുന്ന കീടനാശിനികൾ മഴവെള്ളത്തിലൂടെയും തോടുകളിലൂടെയും ഗണ്യമായ തോതിൽ കായലിൽ എത്തുന്നതും മത്സ്യ സമ്പത്ത് കുറയാൻ കാരണമായി. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ അടുത്തിടെ അൻപതിനായിരത്തോളം ചെമ്മീൻ കുഞ്ഞുങ്ങളെയും 1 ലക്ഷത്തോളം കട്ല കുഞ്ഞുങ്ങളെയും കായലിൽ നിക്ഷേപിച്ചിരുന്നതായും ആഴ്ചകൾക്കുള്ളിൽ ഇവ ചത്തു പൊങ്ങിയതായും പരിസരവാസികൾ പറയുന്നു. അതിനു ശേഷം മുൻ വർഷത്തിലും ഫിഷറീസ് വകുപ്പ് പരീക്ഷണാടിസ്ഥാനത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ കായലിലെ മറ്റിടങ്ങളിൽ നിക്ഷേപിച്ചിരുന്നു. ഇതിന് യാതൊന്നും സംഭവിക്കാത്തതിനാലാണ് ഈ ഭാഗത്ത് കൂടുതൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ പ്രചോദനമായത്.