തിരുവനന്തപുരം: ഒാണവിപണിയിലേക്ക് ഇക്കുറി റോയൽമുണ്ടും പുരുഷൻമാർക്കായി പ്രത്യേക വിഭാഗവും തുറന്നുകൊണ്ടാണ് ഇക്കുറി ഹാൻടെക്സിന്റെ വരവ്. സർക്കാർ റിബേറ്റും ചേർത്ത് എല്ലാത്തിനും 30 ശതമാനം വിലക്കുറവും ലഭിക്കും. തിരുവനന്തപുരത്തിന്റെ സ്വന്തം ബാലരാമപുരം മുതൽ സാക്ഷാൽ കുത്താമ്പുള്ളി വരെ ഷോറൂമിൽ ഒാണത്തെ വരവേൽക്കാനെത്തിയിട്ടുണ്ട്.തലസ്ഥാനത്തെ ഹാൻടെക്സിന്റെ ഷോറൂമിൽ പുരുഷന്മാർക്ക് വേണ്ടി മാത്രമായി ഒരു വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. പ്രീമിയം മുണ്ടുകളും അതിനൊപ്പം ഷർട്ടുകളുമാണ് ഇതിന്റെ പ്രത്യേകത. റോയൽ ഗോൾഡ്, സിൽവർ മുണ്ടുകൾക്ക് 1230 രൂപയാണ് വില. ഡിസ്കൗണ്ട് കഴിച്ച് 900 രൂപയ്ക്ക് ഇവ ലഭിക്കും. പ്രീമിയം റോയൽ മുണ്ടുകൾക്ക് 1175 രൂപയാണ് വില. ഡിസ്കൗണ്ട് കഴിച്ച് 700 രൂപ നൽകിയാൽ മതി. 575 രൂപയ്ക്കുള്ള റോയൽ സിംഗിൾ ധോത്തികൾ വിലക്കിഴിവോടെ 300 രൂപയ്ക്ക് ലഭിക്കും. കരയും കസവും ചേർന്ന മുണ്ടുകൾക്ക് 690 രൂപ മുതൽ 2000 വരെയാണ് വില. കസവുമുണ്ടും മലയാളിയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. സിംഗിൾ സെറ്റ് മുണ്ട്, സിൽവർ കസവുമുണ്ട്, സിൽവർ ബോർഡർ കളർ, കുത്താമ്പുള്ളി സെറ്റ്, ബാലരാമപുരം കസവ് എന്നിവയാണ് ഹാൻടെക്സിന്റെ പ്രധാന ഉത്പന്നങ്ങൾ. സെറ്റ് മുണ്ടുകൾക്ക് 800 മുതൽ 30,000 രൂപ വരെയാണ് വില.
ഒാണത്തിന് സ്ത്രീകൾക്ക് ഉണക്കുപാവ് സ്പെഷ്യൽ
എന്തൊക്കെ പുതിയതരം വസ്ത്രങ്ങൾ വിപണിയിലെത്തിയാലും അഞ്ചരമീറ്റർ നീളത്തിൽ ഞൊറിഞ്ഞുടുക്കുന്ന സാരിയോടുള്ള മലയാളികളുടെ ഇഷ്ടം പൊയ്പ്പോകില്ല. വിവിധതരം ഡിസൈനർ സാരികൾക്കൊപ്പമാണ് പരമ്പരാഗത കൈത്തറി സാരികൾ മത്സരിക്കുന്നത്. അതിനാൽ തന്നെ ഇത്തവണ റോയൽ സാരികൾ എന്നൊരു വിഭാഗം തന്നെ ഹാൻടെക്സ് അവതരിപ്പിച്ചിട്ടുണ്ട്. ഉദയസൂര്യന്റെ വെയിലിൽ നൂലിൽ യഥാർത്ഥ പശ പിടിപ്പിച്ച് ഉണക്കി എടുക്കുന്ന സാരികളാണ് ഇവ. ഉണക്കുപാവ് എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. 1700 മുതൽ 13,000 രൂപ വരെ വിലയിൽ ഈ സാരികൾ ലഭിക്കും. കസവും നൂലും കൂടി ഇഴചേർത്ത ടിഷ്യൂ സാരികൾക്ക് 8190 രൂപയാണ് വില. ഗോപുരം ഡിസൈൻ (ടെമ്പിൾ ഡിസൈൻ), മ്യൂറൽ പെയിന്റിംഗ് വർക്കുള്ള സാരികൾ എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. വിവിധ നിറങ്ങൾ സമന്വയിക്കുന്ന കളർ സാരികൾ 2940 രൂപയ്ക്ക് ലഭിക്കും. കുത്താമ്പുള്ളി സാരികളും ബഡ്ജറ്റിലൊതുങ്ങുന്ന വിലയ്ക്ക് സ്വന്തമാക്കാം.