തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ നേതാക്കൾ സ്വന്തം സംഘടനയിൽപ്പെട്ട വിദ്യാർത്ഥിയെ കുത്തി വീഴ്ത്തിയ സംഭവത്തിന് ശേഷം കലാലയങ്ങൾ ശാന്തമായെന്ന് കരുതിയവർക്ക് തെറ്റി. കോളേജ് വളപ്പിൽ വച്ച് സഹപാഠിയെ കുത്തിവീഴ്ത്തിയ സംഭവം കഴിഞ്ഞ് ഒരുമാസം കഴിയുന്നതിന് മുമ്പേ യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും പ്രശ്നങ്ങൾ തലപൊക്കി തുടങ്ങി.
ഇക്കുറി രാഖി കെട്ടിയതിനെ തുടർന്നാണ് അടിയുണ്ടായത്. കലാപമുണ്ടാക്കിയ ആളെ ആദ്യം സസ്പെൻഡ് ചെയ്തുവെങ്കിലും തൊട്ടടുത്ത ദിവസം പ്രശ്നം ഒതുക്കി തീർത്ത് അധികൃതർ വഴക്കാളികൾക്ക് കൂട്ടുനിന്നു. ഇതൊന്നും ശരിയല്ലെന്ന് പൊതുജനം പറയുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
യൂണിവേഴ്സിറ്റി കോളേജിലെ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് തെളിയിക്കുന്നതാണ് തൊട്ടടുത്തുള്ള സംസ്കൃത കോളേജിലും ബാർട്ടൺഹില്ലിലെ ഗവ. ലാ കോളേജ്, എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ വിദ്യാർത്ഥി സംഘർഷങ്ങൾ.
ഒന്നാം വർഷ വിദ്യാർത്ഥികളുടെ സ്വീകരണവുമായി ബന്ധപ്പെട്ടായിരുന്നു ചൊവ്വാഴ്ച ഉച്ചയോടെ യൂണിവേഴ്സിറ്റി കോളേജിൽ രണ്ട് ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായത്. എന്നാൽ ലാ കോളേജിൽ എസ്.എഫ്.ഐ - കെ.എസ്.യു പ്രവർത്തകർ തമ്മിലായിരുന്നു സംഘർഷം. ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്തെന്ന ആരോപണത്തെ തുടർന്ന് തിങ്കളാഴ്ച ഉണ്ടായ വാക്കേറ്റത്തിന്റെ തുടർച്ചയായി നടന്ന സംഘർഷത്തിൽ നിരവധി എസ്.എഫ്.ഐ - കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹോക്കി സ്റ്റിക്കും മറ്റും ഉപയോഗിച്ച് പരസ്പരം മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
കോളേജിൽ സംഘർഷം സൃഷ്ടിക്കുന്നതിന് വടികളും ബിയർ കുപ്പികളും അടക്കമുള്ള സാധനങ്ങൾ കൊണ്ടുവന്ന കാർ പൊലീസ് കസ്റ്റഡിയിലുമെടുത്തു. സംഭവത്തിൽ കെ.എസ്.യു പ്രവർത്തകരായ നിഖിൽ, അർജുൻ ബാബു എന്നിവരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇന്നലെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കി. സെപ്തംബർ 27ന് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പുതുതായി രൂപീകരിച്ച മറ്റ് വിദ്യാർത്ഥി സംഘടനകൾ കൊടിയും മറ്റും സ്ഥാപിച്ചാൽ തലസ്ഥാനത്തെ കലാലയങ്ങൾ വീണ്ടും സംഘർഷ ഭൂമിയാകുമെന്നാണ് രക്ഷിതാക്കളുടെ ആശങ്ക.