ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ജമ്മു കാശ്മീരിലെത്തും. കേന്ദ്ര സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് തരിഗാമിയെ കാണാൻ സുപ്രീംകോടതി യെച്ചൂരിക്ക് അനുമതി നൽകിയത്. പകൽ 9.55നുള്ള ഇൻഡിഗോ വിമാനത്തിലാണ് യാത്ര. തരിഗാമിയെ സന്ദർശിച്ച ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു. ജനാധിപത്യത്തിൽ എല്ലാവരുടെയും മൗലികാവകാശങ്ങൾ പാലിക്കപ്പെടണമെന്നും കാശ്മീർ ഗവർണറുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തരിഗാമിയെ കാണുന്നത് കൂടാതെ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കങ്ങൾ ഉണ്ടായാൽ അത് കോടതിയലക്ഷ്യമായി കാണുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. യെച്ചൂരിക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും, തരിഗാമി എവിടെയാണ് എന്നുൾപ്പെടെയുള്ള വിവരങ്ങൾ കൈമാറണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
അതേസമയം, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഇന്ന് ലഡാക്കിലെത്തുന്നുണ്ട്. 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് പ്രതിരോധമന്ത്രി ലഡാക്കിലെത്തുന്നത്. ഉന്നത സൈനിക- പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന രാജ്നാഥ് സിംഗ് സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തും. ജമ്മുകാശ്മീരിലെ അഞ്ച് ജില്ലകളിൽ മൊബെെൽ നെറ്റ്‌വർക്കുകൾ പുനസ്ഥാപിച്ചിട്ടുണ്ട്.