kannan-gopinath

ന്യൂഡൽഹി: സിവിൽ സർവീസിൽ നിന്നു രാജിവച്ച മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥൻ ദാദ്ര-നഗർ ഹവേലി മുൻ ഊർജ സെക്രട്ടറി കണ്ണൻ ഗോപിനാഥിനോട് ഉടൻ തിരിച്ചു ജോലിയിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്. രാജിക്കാര്യത്തിൽ തീരുമാനമാകുന്നതുവരെ ജോലിയിൽ തുടരാനാണ് നോട്ടീസിലെ നിർദ്ദേശം. കണ്ണൻ ഗോപിനാഥൻ താമസിച്ചിരുന്ന ദാദ്രാ ഹവേലി ഗസ്റ്റ് ഹൗസിന് മുന്നിലാണ് നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്. രാജി സ്വീകരിച്ചാൽ മാത്രമേ ജോലിയിൽ നിന്ന് പിരിയാൻ കഴിയുകയുള്ളുവെന്നാണ് വിഷയത്തിൽ കേന്ദ്ര സർക്കാർ സമീപനം.

ജമ്മുകാശ്മീർ വിഷത്തിൽ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് ഈ മാസം 21നാണ് കണ്ണൻ ഗോപിനാഥ് കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയത്തിന് രാജി സമർപ്പിച്ചത്. കേന്ദ്രഭരണ പ്രദേശങ്ങളായ ദാമൻ, ദിയു, ദാദ്രനഗർ ഹവേലി എന്നിവിടങ്ങളിലെ ഊർജ സെക്രട്ടറിയായിരിക്കെയാണ് രാജി.

രാജ്യത്ത് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും ഇത്തരത്തിൽ മാത്രമേ ശക്തമായി പ്രതികരിക്കാൻ കഴിയുകയുള്ളുവെന്നതുമാണ് തന്റെ രാജിക്കുള്ള കാരണമെന്ന് കണ്ണൻ ഗോപിനാഥൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 19 ദിവസമായി രാജ്യത്തെ ഒരു സംസ്ഥാനത്ത് മൗലിവാകാശങ്ങൾ ഇല്ലാതായിട്ട്. ജമ്മു കാശ്മീരിലേത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ്. മൗലികാവകാശം നിഷേധിക്കപ്പെട്ട ആളുകളാണ് രാജ്യത്തുള്ളത്. കോടതിയിൽ പോലും നീതി കിട്ടാത്ത അവസ്ഥയാണ്. ഹർജിയുമായി ചെന്നാൽ രണ്ടാഴ്ച കഴിഞ്ഞ് വരാനാണ് പറയുകയെന്ന് കണ്ണൻ ഗോപിനാഥൻ പറഞ്ഞിരുന്നു.