imran-khan

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നട്ടം തിരിയുകയാണ് പാകിസ്ഥാൻ. ഇതിന്റെ ഭാഗമായി രാജ്യത്തെ പൗരൻമാരെല്ലാം തങ്ങളുടെ സ്വത്ത് വിവരങ്ങൾ ഭരണകൂടത്തെ അറിയിക്കണമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ദിവസങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നു. കൂടാതെ പ്രതിരോധ വിഹിതത്തിൽ കുറവു വരുത്താനും പാക് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ഓഫീസിലെ വൈദ്യുത ബില്ല് അടക്കാൻ പോലും പാകിസ്ഥാൻ സർക്കാരിനാവുന്നില്ലെന്ന് റിപ്പോർട്ട്. വൈദ്യുത കമ്പനിക്ക് ലക്ഷക്കണക്കിന് രൂപയുടെ കുടിശിക വരുത്തിയ പ്രധാനമന്ത്രിയുടെ ഓഫീസ് കെട്ടിടത്തിന്റെ വൈദ്യുത കണക്ഷൻ ഉടൻ വിച്ഛേദിക്കുമെന്നാണ് റിപ്പോർട്ട്.

ബില്ല് അടക്കാത്തതിനെ തുടർന്ന് ഇസ്ലാമാബാദ് വൈദ്യുത വിതരണ കമ്പനി ആഗസ്റ്റ് 28ന് പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസ് നൽകിയെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വൈദ്യുത കമ്പനിക്ക് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് 41 ലക്ഷം നൽകാനുണ്ടെന്നും, പണം അടയ്ക്കുന്നതിനായി നിരന്തരം നോട്ടീസ് അയയ്ക്കാറുണ്ടെന്ന് വൈദ്യുത വിതരണ കമ്പനി അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബില്ല് അടക്കാത്തത് ആദ്യത്തെ സംഭവമല്ലെന്നും, ഇനിയും ഇത് തുടരുകയാണെങ്കിൽ വൈദ്യുത ബന്ധം ഉടൻ വിച്ഛേദിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്ഥാൻ നേരിടുന്നത്. ഇതേ തുടർന്ന് ഐ.എം.എഫ് നാൽപ്പത്തൊന്നായിരം കോടി രൂപയുടെ വായ്പ അനുവദിച്ചിരുന്നു. മൂന്ന് വർഷം കൊണ്ട് പല ഘട്ടങ്ങളിലായിട്ടാണ് പാകിസ്ഥാന് വായ്പാ തുക ലഭിക്കുക. എന്നാൽ ആദ്യ ഘട്ടത്തിലെ 6,852 കോടി എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്നും ഐ.എം.എഫ് അറിയിച്ചിരുന്നു. കൂടാതെ രാജ്യത്തിന്റെ പൊതുകടം കഴിഞ്ഞ 10 വർഷം കൊണ്ട് 2.85 ലക്ഷം കോടിയിൽ നിന്നു 14.25 കോടിയായി ഉയർന്നിരുന്നു. നികുതിയുടെ ഭൂരിഭാഗം തുകയും കടം വീട്ടാനായി ഉപയോഗിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ ഉള്ളതെന്നും ഇമ്രാൻ ഖാൻ അറിയിച്ചിരുന്നു. രാജ്യത്തെ ബിനാമി സ്വത്തുക്കൾ വെളിപ്പെടുത്തിയാൽ ഇതിനെ കണക്കിൽപെട്ട സ്വത്തുക്കളാക്കി മാറ്റാം. രാജ്യത്തെ ബാങ്കുകളിൽ ബിനാമി പേരുകളിൽ സൂക്ഷിച്ച പണത്തിനും വിദേശ ബാങ്കിലെ സൂക്ഷിക്കുന്ന പണത്തിനും ആറ് ശതമാനം നികുതിയും ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.