കാറിന്റെ ഗ്ളാസുകൾ ഉയർത്തിയിരുന്നു.
''എടാ..." അലറിക്കൊണ്ട് പ്രജീഷ് ഡോർ ഹാന്റിലിൽ പിടിച്ചുവലിച്ചു.
അത് ലോക്കു ചെയ്തിരിക്കുകയാണ്.
പ്രജീഷ് കാറിനുള്ളിലേക്കു നോക്കി.
അതിൽ ആരുമില്ല!
''ഛേ..."
അപ്പോഴേക്കും ചന്ദ്രകലയും ലോറിയിൽ നിന്ന് ഇറങ്ങിവന്നു.
''പ്രജീഷ്..."
''അവന്മാര് കാറ് ഉപേക്ഷിച്ചു പോയതാണെന്നാ തോന്നുന്നത്."
''എന്നാൽ ഞങ്ങള് പോകുവാ." ലോറിയിൽ നിന്നു ശബ്ദം കേട്ടു.
ഇരുവരും മറുപടി പറയും മുൻപ് ലോറി മുന്നോട്ടു നീങ്ങി.
പ്രജീഷും ചന്ദ്രകലയും ചുറ്റും നോക്കി.
തെല്ല് അപ്പുറത്ത് രണ്ട് സ്ത്രീകൾ റോഡ് സൈഡിൽ വിറക് ശേഖരിക്കുന്നതു കണ്ടു.
ചന്ദ്രകല അങ്ങോട്ടു ചെന്നു.
''ചേച്ചീ..."
സ്‌ത്രീകൾ തിരിഞ്ഞു നോക്കി.
''കുറച്ചു സമയമായി നിങ്ങൾ ഇവിടെയുണ്ടായിരുന്നോ?"
അവർ തലയാട്ടി.
''ദേ. ആ കിടക്കുന്ന കാറിൽ വന്നവരെ കണ്ടോ?"
''കണ്ടു." ഒരാൾ മറുപടി നൽകി.
''അവർ എങ്ങോട്ടാ പോയത്?"
''ഒരു ജീപ്പു വന്നു നിന്നു. അവർ അതിൽ കയറി അങ്ങോട്ടുപോയി."
സ്‌ത്രീ ഗൂഢല്ലൂർ റൂട്ടിലേക്കു കൈചൂണ്ടി.
''അവരുടെ കയ്യിൽ പെട്ടിയോ മറ്റോ ഉണ്ടായിരുന്നോ?"
അവിടേക്കു വന്ന പ്രജീഷാണു തിരക്കിയത്.
''കാറിന്റെ പിറകീന്ന് ഒരു പെട്ടിയെടുത്ത് ജീപ്പിൽ വയ്ക്കുന്നതു കണ്ടു."
ആ മറുപടി കേട്ടതോടെ ഇരുവരും തളർന്നു.
പ്രജീഷും ചന്ദ്രകലയും പരസ്പരം നോക്കി.
''ഇനി എന്തു ചെയ്യും?"
''വല്ല കുഴപ്പോം ഉണ്ടോ?"
സ്‌ത്രീകൾ തിരക്കി.
പ്രജീഷും ചന്ദ്രകലയും മറുപടി നൽകിയില്ല...
ഇരുവരും തിരികെ കാറിനടുത്ത് എത്തി.
''ഗൂഢല്ലൂർ പോലീസിൽ വിവരമറിയിക്കാം." പ്രജീഷ് മന്ത്രിച്ചു.
ചന്ദ്രകല മൂളി. ഇനി ആ പണം തിരികെ കിട്ടില്ലെന്ന് അവൾക്കു തോന്നി. പെട്ടെന്ന് ഓർത്തതുപോലെ ചന്ദ്രകല വാനിറ്റി ബാഗിൽ നിന്നു ഫോൺ എടുത്തു നോക്കി.
ഇപ്പോൾ റേഞ്ചുണ്ട്!
അവൾ എം.എൽ.എ ശ്രീനിവാസ കിടാവിനു കാൾ അയച്ചു.
നാലഞ്ചു തവണ ബല്ലടിച്ചപ്പോൾ ഫോൺ അറ്റന്റു ചെയ്യപ്പെട്ടു.
''എന്താ കലേ?"
കിടാവിന്റെ ശബ്ദം.
ചന്ദ്രകല കരച്ചിലിന്റെ വക്കിൽ കാര്യം പറഞ്ഞു.
മറുതലയ്ക്കൽ ഏതാനും നിമിഷത്തെ മൗനം. ശേഷം കിടാവിന്റെ സ്വരം.
''നിങ്ങൾ കാണിച്ചത് മണ്ടത്തരമായിപ്പോയി കലേ.... അത്രയും പണവുമായി പരിചയമില്ലാത്തവരുടെ കാറിൽ പോകുക എന്നു പറഞ്ഞാൽ..."
ചന്ദ്രകല മുഷിഞ്ഞു.
''വന്നതു വന്നു പോയില്ലേ സാർ?
ഇനി എന്തു വേണമെന്ന് സാറൊന്നു പറ."
''വഴിക്കടവ് പോലീസിൽ ഞാൻ വിളിച്ചുപറയാം. നിങ്ങൾ ഗൂഢല്ലൂർ സ്റ്റേഷനിലേക്കും ചെല്ല്. ആ കാറിന്റെ നമ്പർ വ്യാജമാകാനാണു സാദ്ധ്യത. എങ്കിലും നമുക്ക് ശ്രമിക്കാം."
''ശരി സാർ." ചന്ദ്രകല കാൾ മുറിച്ചു. പിന്നെ പ്രജീഷിനോട് വിവരം പറഞ്ഞു.
''നമ്മുടെ ഇന്നത്തെ ഡീലിംഗിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ആരോ ഉണ്ടായിരുന്നു... അവർ കൃത്യമായ പ്ളാനിങ്ങോടെ നമുക്കു പിന്നിലും മുന്നിലും ഉണ്ടായിരുന്നു."
പ്രജീഷിന് ഉറപ്പാണ്:
അയാൾ ഒന്നു നിർത്തിയിട്ടു തുടർന്നു:
''മുന്നിൽ ഉണ്ടായിരുന്നവർ റോഡിൽ 'അള്ള്" വിതറി. നമ്മൾ ചെല്ലുന്നതിനു തൊട്ടുമുൻപ്. അല്ലെങ്കിൽ വേറെയും വാഹനങ്ങൾ പഞ്ചറാകേണ്ടതല്ലേ? പിന്നാലെ കാറിൽ വന്നവർ നമ്മളെ കുരുക്കുകയും ചെയ്തു."
അങ്ങനെ തന്നെയാവും നടന്നിരിക്കുകയെന്ന് ചന്ദ്രകലയ്ക്കും തോന്നി. പക്ഷേ ആര്?
''പക്ഷേ നമ്മൾക്കും കിടാവ് സാറിനും മാത്രമല്ലേ ഇതേക്കുറിച്ച് അറിയാമായിരുന്നുള്ളു."
പ്രജീഷ് ചിന്തയോടെ തല കുടഞ്ഞു. പെട്ടെന്ന് ആ കണ്ണുകൾ ഒന്നു തിളങ്ങി.
''കിടാവ് സാറിന്റെ ഡ്രൈവർ.... അയാളാണല്ലോ പെട്ടി എടുത്തുതന്നത്? അതിനുള്ളിൽ പണമാണെന്ന് അയാൾ തീർച്ചയായും അറിഞ്ഞിട്ടുണ്ടാവും."
അങ്ങനെയും സാദ്ധ്യതയുണ്ടെന്ന് ചന്ദ്രകലയ്ക്കു ബോദ്ധ്യമായി.
അല്പനേരം കാത്തുനിന്നപ്പോൾ അവർക്ക് ഒരു ടാക്സി കാർ കിട്ടി.
''പോലീസ് സ്റ്റേഷനിലേക്ക്."
പ്രജീഷ് ഡ്രൈവർക്കു നിർദ്ദേശം നൽകി.
അയാളെ സൂക്ഷിച്ചൊന്നു നോക്കിയിട്ട് ഡ്രൈവർ കാർ വിട്ടു.
ഗൂഢല്ലൂർ പോലീസ് സ്റ്റേഷൻ.
ഇൻസ്പെക്ടറെ കാണുവാൻ പ്രജീഷിനും ചന്ദ്രകലയ്ക്കും അല്പനേരം കാത്തിരിക്കേണ്ടിവന്നു.
അവസാനം ഇരുവരും ഇൻസ്പെക്ടറുടെ ക്യാബിനിലേക്കു വിളിക്കപ്പെട്ടു.
വിശദമായി ഇരുവരും ഇൻസ്പെക്ടറോട് കാര്യം പറഞ്ഞു.
അയാളുടെ കണ്ണുകൾ കുറുകി.
''പത്ത് കോടി രൂപ..."
ഇൻസ്പെക്ടർ മീശയിൽ ഒന്നു തടവി.
''ഇത്രയും പണം നിങ്ങൾക്ക് എവിടെ നിന്നു കിട്ടി?"
വസ്തു കച്ചവടത്തെക്കുറിച്ച് ചന്ദ്രകല പറഞ്ഞു.
''നിങ്ങൾ എവിടേക്കു പോകുകയായിരുന്നു?"
ഇൻസ്പെക്ടർ, ചന്ദ്രകലയുടെ മുഖത്തേക്കു നോട്ടം നട്ടു.
''മസനഗുഡിയിൽ... അവിടെ ഒരു വീട് ഞങ്ങൾ വാങ്ങാൻ തീരുമാനിച്ചിരുന്നു."
ഇൻസ്പെക്ടറുടെ നിർദ്ദേശാനുസരണം പോലീസുകാർ ആ കാറിന്റെ നമ്പർ ആർ.ടി ഓഫീസിൽ വിളിച്ചു തിരക്കി.
അവിടെ നിന്ന് പത്തുമിനിട്ടിനുള്ളിൽ മറുപടി കിട്ടി:
കർണാടക പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ ഇന്നോവ കാറിന്റെ നമ്പർ!
(തുടരും)