missile-pakistan

ഇസ്ളാമാബാദ്: ഇന്ത്യയ്‌ക്കെതിരെയുള്ള അപ്രഖ്യാപിത യുദ്ധത്തിന്റെ കാഹളം മുഴക്കി പാകിസ്ഥാൻ. ആണാവായുധങ്ങൾ വഹിക്കാൻ കഴിയുന്ന ഗസ്‌നവി വിഭാഗത്തിലുള്ള ബാലിസ്‌റ്റിക് മിസൈലുകളാണ് ഇന്ന് പാകിസ്ഥാൻ പരീക്ഷിക്കുക. 300 കി.മീ വരെയുള്ള ലക്ഷ്യസ്ഥാനത്ത് ഇതിന് എത്തിച്ചേരാൻ കഴിയും. ബലൂചിസ്ഥാനിലെ സോൻമിയാനിയിലുള്ള വ്യോമയാനപരീക്ഷണ മേഖലയിലാണ് മിസൈൽ വിക്ഷേപണം നടക്കുക. തുടർന്ന് സിന്ധിലെ നൂരിബാദ്, ഗോത്ത് പിയാരോ എന്നിവിടങ്ങിലുള്ള കൺട്രോൾ സ്‌റ്റേഷനുകളിൽ നിന്ന് പാക് സൈനിക ഉദ്യോഗസ്ഥർക്ക് മിസൈലിന്റെ പ്രവേഗം നിയന്ത്രിക്കാൻ കഴിയും.

എന്നാൽ പാകിസ്ഥാന്റെ മിസൈൽ പരീക്ഷണം വെറും രാഷ്‌ട്രീയ പ്രേരിതമായ ഒന്നാണെന്ന് ഇന്ത്യ പ്രതികരിച്ചു. കാശ്‌മീർ വിഷയത്തിൽ വിറളി പിടിച്ച് അന്താരാഷ്‌ട്ര ശ്രദ്ധ ആകർഷിക്കാനാണ് പാകിസ്ഥാന്റെ ശ്രമമെന്ന് ഒരു മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥൻ പ്രതികരിച്ചു.അതോടൊപ്പം പാകിസ്ഥാന്റെ ഓരോ ചലനവും ഇന്ത്യ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം,കറാച്ചിക്കുമുകളിലൂടെയുള്ള മൂന്ന് വ്യോമപാതകൾ പാകിസ്‌താൻ അടച്ചു. ബുധനാഴ്ചമുതൽ വെള്ളിയാഴ്ചവരെ പാത അടച്ചിടുമെന്ന് പാക് സിവിൽ ഏവിയേഷൻ അധികൃതരാണ് അറിയിച്ചത്. ഇന്ത്യൻ വിമാനങ്ങൾ പാക് വ്യോമപരിധി ഉപയോഗിക്കുന്നത് പൂർണമായും വിലക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. എന്നാൽ ഇത് ഇന്ത്യയ്‌ക്ക് പുറമെ കറാച്ചി വിമാന പാത ഉപയോഗിക്കുന്ന എല്ലാ അന്താരാഷ്‌ട്ര വിമാനങ്ങൾക്കും ബാധകമാണ്.