nirmala-sitharaman

ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക സ്ഥിതിയിലേക്ക് കടക്കുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെ ആദായ നികുതിയിൽ പരിഷ്കരണവുമായി കേന്ദ്രസർക്കാർ. നിലവിലുള്ള ആദായ നികുതി നിയമം മാറ്റാൻ നിയോഗിക്കപ്പെട്ട സമിതി നൽകിയ റിപ്പോർട്ടിലെ നിർദേശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അഞ്ചു ലക്ഷം രൂപ മുതൽ 10 ലക്ഷം വരെ വാർഷിക വരുമാനമുള്ളവരുടെ ആദായനികുതി ഇപ്പോൾ നൽകുന്ന 20 ശതമാനത്തിൽനിന്ന് 10% ആയി കുറഞ്ഞേക്കുമെന്നാണ് റിപ്പോർട്ട്. 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ നിലവിൽ 30% നികുതി നൽകേണ്ടിവരുന്നത് 20% ആയി കുറയ്ക്കാനും ശുപാർശയുണ്ട്.

രണ്ട് കോടിയിൽ കൂടുതൽ വരുമാനമുള്ളവർക്ക് സർചാർജ് ഒഴിവാക്കി 35% നികുതി ചുമത്താനുമാണ് ശുപാർശ. 2.50 ലക്ഷം രൂപവരെ വരുമാനമുള്ളവരെയാണ് പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. 2.5 ലക്ഷം രൂപമുതൽ 10ലക്ഷംവരെയുള്ളവർക്ക് 10 ശതമാനമാണ് നികുതി. നിലവിൽ 2.5 ലക്ഷം രൂപമുതൽ അഞ്ചുലക്ഷം രൂപവരെയുള്ളവർക്ക് അഞ്ചുശതമാനമാണ് ആദായ നികുതി ഈടാക്കുന്നത്. അതിനുമുകളിൽ, അഞ്ചു ലക്ഷം രൂപമുതൽ 10 ലക്ഷം രൂപവരെയുള്ളവർക്ക് 20 ശതമാനവും 10 ലക്ഷത്തിന് മുകളിലുള്ളവർക്ക് 30 ശതമാനമവുമാണ് നികുതി ചുമത്തുന്നത്.

എല്ലാ ആഭ്യന്തര, വിദേശ കമ്പനികൾക്കും 25% കോർപറേറ്റ് നികുതി, ലാഭവിഹിത വിതരണ നികുതി (ഡി.ഡി.ടി) ഒഴിവാക്കുക, മിനിമം ഓൾട്ടർനേറ്റ് നികുതി (എം.എടി) ഒഴിവാക്കുക തുടങ്ങിയവയാണ് റിപ്പോർട്ടിൽ ഉള്ളതായി സൂചിപ്പിക്കപ്പെടുന്ന മറ്റു ചില ശുപാർശകൾ. കമ്പനികൾ ഓഹരിയുടമകൾക്കു നൽകുന്ന ലാഭവിഹിതമനുസരിച്ചാണ് ഡി.ഡി.ടി ഈടാക്കുന്നത്. ഓഹരിയുടമകൾക്കു നൽകാത്തതായ ലാഭവിഹിതത്തിൻമേൽ നികുതി ഈടാക്കിയാൽ മതിയെന്നും ഓഹരിയുടമകൾക്കു നൽകുന്നതും ഉൾപ്പെടുത്തിയാൽ അത് ഇരട്ട നികുതിയാകുമെന്നുമാണ് സമിതിയുടെ നിലപാട്.

കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അംഗം അഖിലേഷ് രഞ്ജൻ അദ്ധ്യക്ഷനായ സമിതി ഈ മാസം 19നാണ് ധനമന്ത്രിക്കു റിപ്പോർട്ട് നൽകിയത്. നിലവിലെ ആദായ നികുതി നിയമത്തിനു പകരമായി പ്രത്യക്ഷ നികുതി നിയമം കൊണ്ടുവരുന്നതു സംബന്ധിച്ച റിപ്പോർട്ടാണ് ധനമന്ത്രിക്കു നൽകിയത്. 2019 ലെ ഇടക്കാല ബഡ്‌ജറ്റിൽ അഞ്ചുലക്ഷം രൂപവരെയുള്ളവരെ നികുതിബാദ്ധ്യതയിൽ നിന്ന് ഒഴിവാക്കിയിരുന്നു. സമിതിയുടെ നിർദേശം സർക്കാർ നടപ്പാക്കുകയാണെങ്കിൽ മദ്ധ്യവർഗക്കാർക്ക് കനത്ത തിരിച്ചടിയാകും. അതേസമയം, സമ്പന്ന വിഭാഗത്തിന് ഗുണകരവുമാണ്.