bus

പയ്യന്നൂർ: പയ്യന്നൂരിലെ പെട്രോൾ പമ്പിൽ നിന്നും അർദ്ധ രാത്രിയിൽ മോഷ്ടിച്ച് കടത്തികൊണ്ടു പോയ ബസ്സ് പഴയങ്ങാടി എരിപുരത്ത് മതിലിലിടിച്ചു തകർന്നനിലയിൽ കണ്ടെത്തി. കുത്തുപറമ്പ് കീഴത്തൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്റ്റാർ കമ്പനിയുടെ മാധവി ട്രാവൽസ് എന്ന ബസാണ് പെരുമ്പ ചെറിയ പാലത്തിനടുത്തുള്ള പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന സ്ഥലത്തു നിന്നും രാത്രി മോഷ്ടിച്ച് കടത്തികൊണ്ടുപോയത്. രാത്രി 10 മണിക്ക് പമ്പ് അടച്ചു പോയ ജീവനക്കാർ പുലർച്ചെ നാലുമണിയോടെ എത്തിയപ്പോഴാണ് ബസ് കാണാതായ വിവരം അറിയുന്നത് തുടർന്ന് ബസ് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. ബസ് കാണാതായതോടെ ഉടമ പരാതിയുമായി പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

പൊലീസ് അന്വേഷണത്തിൽ ബസ് സ്റ്റാർട്ടാക്കി സ്റ്റാൻഡ് ഭാഗത്തേക്ക് ഓടിച്ചു പോകുന്നതിന്റെ ദൃശ്യവും ആളുടെ രൂപവും കാമറയിൽ നിന്നും ലഭിച്ചു. ഇതിനുപിന്നാലെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും ബസ് കാണാതായത് സംബന്ധിച്ച് സന്ദേശം നൽകുകയായിരുന്നു.

തുടർന്ന് നടന്ന അന്വേഷണത്തിൽ ബസ് എരിപുരം താലൂക്ക് ആശുപത്രിക്ക് സമീപം അപകടത്തിൽ പെട്ട വിവരം പഴയങ്ങാടി പൊലീസ് പയ്യന്നൂർ പൊലീസിനെ അറിയിച്ചു. എരിപുരം അടുത്തില ഇറക്കത്തിലെ എം.ടി.പി.മുഹമ്മദിന്റെ മതിൽ തകർത്താണ് ബസ് നിന്നത്. ഇതേ തുടർന്ന് പരാതിയുമായി മുഹമ്മദ് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെത്തിയതാണ് 'മാധവി'യെ കണ്ടുപിടിക്കുവാൻ സഹായകമായി തീർന്നത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബസ് റാഞ്ചിയത് ബസിലെ ക്ലീനറായ ലിതിനാണെന്ന് മനസിലായി. ബസിൽ തന്നെയായിരുന്നു താക്കോൽ സൂക്ഷിച്ചിരുന്നത്. ഇത് അറിയാമായിരുന്ന ലിതിൻ ബസുമായി കടക്കുകയായിരുന്നു. ലിതിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബസ് മോഷ്ടിച്ച കുറ്റവും മതിൽ ഇടിച്ചു തകർത്ത കുറ്റവും ഇയാൾക്കുമേൽ ചുമത്തും.