തിരുവനന്തപുരം: ശബരിമലമയിൽ യുവതികള പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി സംസ്ഥാന സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിൽ മാറ്റമില്ല, കോടതി മറിച്ച് വിധിക്കുകയാണെങ്കിൽ ആ വിധി നടപ്പാക്കും. സർക്കാരിനെതിരായ പ്രചാരണങ്ങളെ വേണ്ട രീതിയിൽ പ്രതിരോധിക്കാനായില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ശബരിമല യുവതി പ്രവേശനത്തിനെതിരെ നിയമം കൊണ്ടുവരാൻ കഴിയില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വക്താക്കൾ തന്നെ പറഞ്ഞത്. എന്നാൽ നിയമം കൊണ്ടുവരുമെന്നാണ് ചിലർ പറഞ്ഞ് പ്രചരിപ്പിച്ചത്. സത്യത്തിൽ അവർ വിശ്വാസികളായ ആളുകളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടക്കാനിരിക്കുന്ന പാലാ ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകും. പാലാ യു.ഡി.എഫിന്റെ സ്ഥിരം മണ്ഡലമാണ്. അത്തരമൊരു തിരഞ്ഞെടുപ്പിലും സർക്കാർ പ്രവർത്തനം വിലയിരുത്തിയ ശേഷമാകും ജനങ്ങൾ വോട്ട് ചെയ്യുക. സി.പി.എമ്മിന് അനുകൂലമായ അവസ്ഥ തന്നെയാണ് ഈ തിരഞ്ഞെടുപ്പിലും ഉണ്ടാകുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രളയ പശ്ചാത്തലത്തിൽ കേരളത്തിലെ കെട്ടിട നിർമ്മാണ രീതികളിൽ ജനം മാറി ചിന്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണെന്നും അത് കുറയ്ക്കാനുള്ള നിർമ്മാണ നടപടികൾക്ക് പ്രോത്സാഹനം നൽകുമെന്നും അതിനു വേണ്ട നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. ഭവന നിർമ്മാണ രീതിക്ക് പ്രീഫാബ്രിക്കേഷൻ രീതി അവലംബിക്കാൻ ആലോചനയുണ്ടെന്നും ലൈഫ് മിഷൻ പദ്ധതികളിൽ ഈ രീതി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ശംഖുമുഖത്ത് തിരയിൽ പെട്ട യുവതിയെ അതിസാഹസികമായി രക്ഷിക്കുന്നതിനിടെ മരണമടഞ്ഞ ലൈഫ് ഗാർഡ് ജോൺസന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും ഭാര്യയ്ക്ക് യോഗ്യതക്കനുസരിച്ച് ടൂറിസം വകുപ്പിൽ ജോലിയും നൽകും. മാതൃകാപരമായ പ്രവർത്തനമാണ് ജോൺസന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി വെൽഫെയർ ബോർഡിന് മന്ത്രിസഭ അംഗീകാരം നൽകി. പ്രവാസികളുടെ ക്ഷേമവും നിക്ഷേപവും വർധിപ്പിക്കുകയാണ് ലക്ഷ്യം.