rahul

ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുമാറ്റിയശേഷം കാശ്മീരിൽ ജനങ്ങൾ മരിച്ചുവീഴുകയാണെന്ന കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. വയനാട് ലോക്‌സഭ മണ്ഡലത്തിലെ വിജയം രാഹുൽ ഗാന്ധിയുടെ ചിന്തകളെ മാറ്റിമറിച്ചുവെന്നും പാകിസ്ഥാൻ യുഎന്നിന് നൽകിയ നിവേദനമാണ് രാഹുലിന്റെ വാക്കുകളെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ അപമാനിച്ചതിന് രാഹുൽ ഗാന്ധിയും കോൺഗ്രസും മാപ്പ് പറയണമെന്നും പ്രകാശ് ജാവേദ്ക്കർ ആവശ്യപ്പെട്ടു. 'വോട്ട് ബാങ്ക് രാഷ്ട്രീയം എത്രത്തോളം മുന്നോട്ട് പോകുന്നുവെന്ന് ചിന്തിക്കുമ്പോൾ ഞാൻ അത്ഭുതപ്പെടുകയാണ്. അമേത്തിയിലാണ് രാഹുൽ ഗാന്ധി വിജയിക്കുന്നതെങ്കിൽ അദ്ദേഹം ഈ രീതിയിൽ സംസാരിക്കില്ല. ആകസ്മികമായി ന്യൂനപക്ഷം വളരെക്കൂടുതലുള്ള മണ്ഡലമാണ് വയനാട്. 28.65 ശതമാനം മുസ്ലീങ്ങളും 21.34 ക്രിസ്‌ത്യൻസും അവിടെയുണ്ട്'-പ്രകാശ് ജാവേദ്ക്കർ പറഞ്ഞു.

LIVE: Shri @PrakashJavdekar is addressing a press conference at BJP HQ. https://t.co/2pmYa9r4O4

— BJP (@BJP4India) August 28, 2019

കാശ്മീർ വിഷയത്തിലെ പരാമർശത്തിന്റെ പേരിൽ ബി.ജെ.പി രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ചു. കാശ്മീർ സാഹചര്യത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളിലൂടെ രാഹുൽ ഗാന്ധി രാജ്യത്തെ അപമാനിച്ചുവെന്നും പാകിസ്ഥാന് ഇന്ത്യയെ ആക്രമിക്കാനുള്ള ആയുധം നൽകിയെന്നും ബി.ജെ.പി ആരോപിച്ചു.

അതേസമയം ജാവേദ്ക്കറുടെ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. തെറ്റായ സന്ദേശം നൽകുന്ന മന്ത്രിയെന്നാണ് കോൺഗ്രസ് ജാവേദ്ക്കറിന്റെ പരാമർശങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. 'ബി.ജെ.പിയും സർക്കാരും ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് ഞങ്ങൾ കരുതുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ നിലവാരം എത്രത്തോളം താഴോട്ട് പോകും? അവർക്ക് അൽപ്പം തിരിച്ചറിവുണ്ടെങ്കിൽ മാപ്പ് ചോദിക്കണം'-കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

Would the Misinformation Minister @PrakashJavdekar care to explain what he means when he says "Wayanad se jeete toh soch bhi badli?" #BJPSupportsPakistan pic.twitter.com/T7ggasQKs6

— Congress (@INCIndia) August 28, 2019

പ്രത്യേക പദവി എടുത്തുമാറ്റിയശേഷം കാശ്മീരിൽ ജനങ്ങൾ മരിച്ചുവീഴുകയാണെന്ന് കഴിഞ്ഞദിവസം രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഈ വാക്കുകൾ പാകിസ്ഥാൻ യുഎന്നിന് നൽകിയ കത്തിൽ ഉൾപ്പെടുത്തിയിരുന്നു. പാകിസ്ഥാൻ മനുഷ്യാവകാശ വകുപ്പു മന്ത്രി ഷിറീൻ മസാരി കഴിഞ്ഞ ദിവസം യു.എന്നിന് അയച്ച കത്തിലാണ് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കശ്മീരിൽ ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുകയെന്ന് പറഞ്ഞതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ജമ്മു കാശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞശേഷം ആഗോള തലത്തിൽ ഒറ്റപ്പെട്ടു പോയ പാകിസ്ഥാൻ അവസാന ശ്രമമെന്ന നിലയിലാണ് വീണ്ടും യുഎന്നിനെ സമീപിച്ചത്.

'തനിക്ക് പല കാര്യങ്ങളിലും കേന്ദ്ര സർക്കാരിനോട് അഭിപ്രായവ്യത്യാസമുണ്ട്. പക്ഷേ ഒരു കാര്യം താൻ വ്യക്തമാക്കുകയാണ്. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണ്. പാകിസ്ഥാനോ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളോ ഇതിൽ ഇടപടേണ്ടതില്ല. ജമ്മുവിലും കാശ്മീരിലും സംഘർഷമുണ്ടെന്നത് സത്യമാണ്. ആഗോളതലത്തിൽ ഭീകരതയുടെ പിന്തുണക്കാരായി അറിയപ്പെടുന്ന പാകിസ്ഥാന്റെ പിന്തുണയോടെയും പ്രേരണയോടെയുമാണ് ഇത് നടക്കുന്നതെന്നത്'-രാഹുൽ ഗാന്ധി നേരത്തെ ട്വിറ്ററിൽ കുറിച്ചിരുന്നു.