ന്യൂഡൽഹി: മിസൈൽ പരീക്ഷണത്തിന് പിന്നാലെ പാക് കമാൻഡോകൾ ഗുജറാത്തിലേക്ക് കടന്നതായി സൂചന. ഗുജറാത്തിലെ ഗൾഫ് ഒഫ് കച്ച് മേഖലയിലാണ് പാകിസ്ഥാന്റെ മറൈൻ കമാൻഡോകൾ നുഴഞ്ഞു കയറിയതെന്നാണ് ലഭിക്കുന്ന വിവരം. ഇതിനെ തുടർന്ന് ഗുജറാത്ത് തീരത്ത് കനത്ത സുരക്ഷയാണ് സൈന്യം ഏർപ്പെടുത്തിയിരിക്കുന്നത്.അസാധാരണ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഗുജറാത്തിലെ മറൈൻ കൺട്രോൾ ബോർഡിനെ വിവരമറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കച്ചിലെ അദാനി പോർട്ട് ജീവനക്കാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാക് നാവിക സേനയുടെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്ത്യൻ നാവികസേനാ മേധാവിയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് നുഴഞ്ഞു കയറ്റം ഉണ്ടായിരിക്കുന്നത്.
അതേസമയം, തങ്ങളുടെ മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി പാകിസ്ഥാൻ അവകാശപ്പെട്ടു. പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വിവിധ യുദ്ധമുഖങ്ങളിൽ 290 കി.മീ വരെയുള്ള ലക്ഷ്യം ഭേദിക്കാൻ സാധിക്കുന്നതാണ് പരീക്ഷണം നടത്തിയ ഗസ്‌നവി ശ്രേണിയിലെ മിസൈലുകളെന്ന് ട്വീറ്റിൽ ആസിഫ് ഗഫൂറിന്റെ വാദം. കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാൻ കഴിയുന്നവയാണിത്. ബലൂചിസ്ഥാനിലെ സോൻമിയാനിയിലുള്ള വ്യോമയാനപരീക്ഷണ മേഖലയിലായിരുന്നു മിസൈൽ വിക്ഷേപണം.
Pakistan successfully carried out night training launch of surface to surface ballistic missile Ghaznavi, capable of delivering multiple types of warheads upto 290 KMs. CJCSC & Services Chiefs congrat team. President & PM conveyed appreciation to team & congrats to the nation. pic.twitter.com/hmoUKRPWev
— DG ISPR (@OfficialDGISPR) August 29, 2019
പാകിസ്ഥാനിലെ നാഷണൽ ഡവലപ്‌മെന്റ് കോംപ്ലക്സ് നിർമ്മിച്ച മദ്ധ്യദൂര ഹൈപർസോണിക് മിസൈലാണ് ഗസ്‌നവി. ഹത്ഫ് 3 ഗസ്നവി എന്നാണ് ഇതിന്റെ ഔദ്യോഗിക നാമം. അതീവമാരകമായ എന്നും പ്രതികാരം ചെയ്യൽ എന്നുമെല്ലാം ഹത്ഫിന് അർഥമുണ്ട്. എന്നാൽ പ്രസ്‌തുത പരീക്ഷണം കൊണ്ട് ഇന്ത്യയെ അൽപം പോലും സമ്മർദ്ദത്തിലാക്കാൻ പാകിസ്ഥാന് കഴിയില്ല. കാരണം, ഗസ്‌നവിയേക്കാൾ പതിന്മടങ്ങ് പ്രഹരശേഷിയുള്ള മിസൈലുകളാണ് ഇന്ത്യയ്‌ക്കുള്ളത് . നിലവിൽ 5000 കി.മീ അധികം ദൂരെയുള്ള ലക്ഷ്യത്തെ ഭേദിക്കാൻ ഇന്ത്യയുടെ മിസൈലുകൾക്ക് കഴിയും.